‘കരിനിയമങ്ങൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ല’ ; ഡയസ്നോൺ തള്ളി എൻ.ജി.ഒ അസോസിയേഷൻ

സംസ്ഥാന സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ. കരി നിയമങ്ങൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ല. 14 ദിവസങ്ങൾക്ക് മുമ്പ് തന്നെ പണിമുടക്കുമെന്ന് നോട്ടീസ് നൽകിയിരുന്നെന്നും എൻ.ജി.ഒ അസോസിയേഷൻ വ്യക്തമാക്കി. ( NGO association rejects diesnon )
ഇന്നത്തെ ഹർത്താലിനെ തുടർന്നുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
Read Also : പണിമുടക്കിയാൽ ശമ്പളമില്ല; ഹൈക്കോടതി നിർദേശത്തിൽ ഉത്തരവിറക്കി സർക്കാർ
കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് കൈമാറി. അതിന് ശേഷമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഇത് അത്ര കാര്യമായെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് എൻ.ജി.ഒ അസോസിയേഷൻ രംഗത്തെത്തിയത്.
പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശവും നൽകിയിരുന്നു. കേരള സർവീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.
Story Highlights: NGO association rejects diesnon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here