ബുധനാഴ്ച പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്ക്; നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബുധനാഴ്ച പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റന്നാള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. (Kerala govt issues dies-non order for strike day)
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ പണിമുടക്കിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക മുതലായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടക്കുക. പണിമുടക്ക് സര്‍ക്കാര്‍ ഓഫിസുകളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍കൂട്ടി അറിയിച്ചതോ അടിയന്തര ആവശ്യങ്ങള്‍ക്കുള്ളതോ അല്ലാത്ത അവധികള്‍ അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ ഓഫിസ് മേധാവിയും ജീവനക്കാരുടെ അവധി സംബന്ധിച്ച വിവരങ്ങളും അവധി അനുവദിച്ചതിന്റെ ന്യായീകരണവും ആവശ്യമെങ്കില്‍ വകുപ്പ് മേധാവിയെ അറിയിക്കേണ്ടതാണ് എന്നുള്‍പ്പെടെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Story Highlights: Kerala govt issues dies-non order for strike day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here