എന്താണ് ജേഡ പിങ്കറ്റിനെ ബാധിച്ച ‘അലോപേഷ്യ’ എന്ന രോഗം ? ലക്ഷണങ്ങൾ എന്തെല്ലാം ? ചികിത്സയുണ്ടോ ?

ഓസ്‌കർ പുരസ്‌കാര വേദിയിലെ നാടകീയ സംഭവങ്ങളോടെ അലോപേഷ്യ എന്ന രോഗം ചർച്ചയാകുകയാണ്. ഓസ്‌കർ അവതാരകൻ ക്രിസ് റോക്ക്, അലോപേഷ്യ കാരണം തല മുണ്ഡനം ചെയ്യേണ്ടി വന്ന ജേഡ പിങ്കറ്റ് സ്മിത്തിനെ കളിയാക്കതാണ് സംഭവങ്ങൾക്ക് തുടക്കം. ക്രിസിന്റെ പരാമർശത്തിൽ പ്രകോപിതനായ ജേഡയുടെ ഭർത്താവും നടനുമായ വിൽ സ്മിത്ത് ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. വിൽ സ്മിത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ട്, ഒപ്പം അലോപേഷ്യ എന്ന രോഗത്തെ കുറിച്ചു. എന്താണ് അലോപേഷ്യ ? ( what is alopecia ) ലക്ഷണങ്ങൾ എന്തെല്ലാം ? ( symptoms ) ചികിത്സയുണ്ടോ ?
എന്താണ് അലോപേഷ്യ ?
അസാധാരണമായുള്ള മുടി കൊഴിച്ചിലാണ് അലോപേഷ്യ. സാധാരണ രീതിയിൽ മുടി കൊഴിയുന്നതിന് വിപരീതമായി ഒരു ഭാഗത്ത് വൃത്താകൃതിയിലോ മറ്റഅ പാച്ചസ് ആയോ മുഴുവനായി മുടി നഷ്ടപ്പെടുന്ന അവസ്ഥയാണ് അലോപേഷ്യ.
ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് അലോപേഷ്യ. ശരീരത്തിലെ വൈറ്റ് ബ്ലഡ് സെൽസ് ഹെയർ ഫോളിക്കിൾസിനെ ആക്രമിക്കും. ഇതോടെ ഈ ഭാഗത്തെ മുടി നഷ്ടമാകുന്നു.
അലോപേഷ്യ പാരമ്പര്യമായും, അല്ലാതെയും വരാം. ഏത് പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാം.
Read Also : ജേഡ പിങ്കറ്റ് സ്മിത്തിനെതിരായ ബോഡി ഷെയിമിങ്; ക്രിസ് റോക്ക് മാപ്പ് പറഞ്ഞെന്ന വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്
2018 ലാണ് ജേഡ പിങ്കറ്റ് തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറയുന്നത്. അലോപേഷ്യ കാരണം തല മുണ്ഡനം ചെയ്യുകയാണെന്നും ആരും തലച്ചോർ ശസ്ത്രക്രിയയാണെന്ന് കരുതരുതെന്നുമാണ് ജേഡ പിങ്കറ്റ് അന്ന് കുറിച്ചത്.
അലോപേഷ്യ മൂന്ന് തരം :
അലോപേഷ്യ അരിയാറ്റ : ഇത് തലയിൽ തന്നെയാകണമെന്നില്ല. പുരികം, ശരീരം, കൺപീലി, കക്ഷം എന്നിവിടെയും ഇത്തരം അലോപേഷ്യ കാണപ്പെടാം.
അലോപേഷ്യ ടോട്ടാലിസ് : തലയോട്ടിയിലെ മുഴുവൻ മുടിയും ഇത്തരക്കാർക്ക് നഷ്ടപ്പെടും. കഷണ്ടിയാകും ഫലം.
അലോപേഷ്യ യൂണിവേഴ്‌സാലിസ് : ഇത് വളരെ അപൂർവമായാണ് കാണപ്പെടുന്നത്. ഇത്തരം രോഗാവസ്ഥയിൽ ശരീരത്തിലെ എല്ലാ രോമങ്ങളും കൊഴിഞ്ഞുപോകും.
മാതാപിതാക്കളിൽ ഒരാൾക്ക് അലോപേഷ്യ അരിയാറ്റ ഉണ്ടെങ്കിൽ കുഞ്ഞിന് ലഭിക്കുമോ ?
മാതാപിതാക്കളിൽ ഒരാൾക്ക് അലോപേഷ്യ അരിയാറ്റ ഉണ്ടെങ്കിൽ കുഞ്ഞിന് ലഭിക്കാനുള്ള സാധ്യത കൂടതലാണ്. എന്നാൽ കുഞ്ഞിന് വരണം എന്ന നിർബന്ധമില്ല.
അലോപേഷ്യ അരിയാറ്റയുടെ ലക്ഷണങ്ങൾ :
-ചെറിയ വൃത്താകൃതിയിലോ, പാച്ചസ് ആയോ തലയോട്ടിയിലേയോ, താടിയിലേയോ മുടി നഷ്ടപ്പെടുക.
-കുറഞ്ഞ സമയത്തിനുള്ളിൽ അസാധാരണമായ തോതിൽ മുടി കൊഴിയുക
-ഒരു വശത്ത് മാത്രം മുടി പോവുക
-നഖത്തിൽ ചെറിയ കുഴികൾ
ചികിത്സ
അലോപേഷ്യയ്ക്ക് ചികിത്സയുണ്ട്. ചിലർക്ക് ചികിത്സയില്ലാതെ തന്നെ മുടി തിരികെ വരാറുണ്ട്. 50% ൽ കൂടുതൽ മുടി കൊഴിച്ചിലുള്ള അലോപേഷ്യ രോഗികൾക്ക് കഴിക്കാനുള്ള മരുന്നായും കുത്തിവയ്പ്പായുമെല്ലാം ചികിത്സ ലഭ്യമാണ്.
മേൽ പറഞ്ഞ ലക്ഷണങ്ങളോടെയുള്ള മുടി കൊഴിച്ചിൽ കണ്ടാൽ സ്വയം ചികിത്സിക്കാതെയും, മുടി വളരുന്നത് കാത്തിരിക്കാതെയും ഉടൻ ഡോക്ടറെ കാണുക. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്ന് കഴിക്കുക.
വിവരങ്ങൾക്ക് കടപ്പാട് : അമേരിക്കൻ അക്കാഡമി ഓഫ് ഡർമറ്റോളജി അസോസിയേഷൻ
https://www.aad.org/public/diseases/hair-loss/types/alopecia
നാഷ്ണൽ അലോപേഷ്യ അരിയാറ്റ ഫൗണ്ടേഷൻ
Story Highlights: what is alopecia, symptoms