Advertisement

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം എന്ന ആരോപണം പൂര്‍ണമായി തള്ളി അമേരിക്ക

April 1, 2022
Google News 2 minutes Read

പാക്കിസ്താനിലെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം പൂര്‍ണമായി നിഷേധിച്ച് അമേരിക്ക. പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാന്‍ അമേരിക്കയുടെ പേര് പരാമര്‍ശിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ആരോപണങ്ങളെ തള്ളി അമേരിക്ക രംഗത്തെത്തിയത്. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ സത്യത്തിന്റെ അംശം പോലുമില്ലെന്ന് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. തന്നെ താഴെയിറക്കുന്നതിനായി വിദേശ ശക്തികള്‍ പ്രതിപക്ഷത്തെ ചട്ടുകമായി ഉപയോഗിച്ചെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം.

ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാകിസ്താനില്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.

Read Also : രാജിവയ്ക്കില്ല, അവസാന പന്ത് വരെ പോരാടും; ഇമ്രാൻ ഖാൻ

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിന് മുന്നില്‍ പാക്കിസ്താനികള്‍ മുട്ടിലിഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും രണ്ട് വഴികളാണ് മുന്നിലുള്ളതെന്നും ഇമ്രാന്‍ വ്യക്തമാക്കി.

പല പാക് രാഷ്ട്രീയ നേതാക്കളും പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലെത്തിയത്. രാജ്യത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. താന്‍ പാകിസ്താനെ പുരോഗതിയിലേക്ക് നയിച്ചു. ഇന്ന് രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിം സമുദായത്തിന് അടിമകളാകാന്‍ കഴിയില്ല. സര്‍ക്കാറിനെ താഴെയിറക്കാന്‍ വിദേശ ഗൂഢാലോചന നടന്നതായും ഖാന്‍ ആവര്‍ത്തിച്ചു.

”അമേരിക്ക പാകിസ്താനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അവര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചത് പാകിസ്താനാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ വെടിഞ്ഞത് പാകിസ്താനികളാണ്. പ്രശസ്തിയും സമ്പത്തും ഉള്‍പ്പെടെ എല്ലാം തന്ന് അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാനാണ് ഞാന്‍. സ്വതന്ത്ര രാജ്യത്ത് ജനിച്ച ആദ്യ തലമുറയില്‍ നിന്നുള്ളയാളാണ് ഞാന്‍. പാകിസ്താന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടിട്ടുണ്ട്” വികാരഭരിതനായി ഇമ്രാന്‍ പറഞ്ഞു.

Story Highlights: no truth in imran khan allegations says america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here