Advertisement

തെരുവിലെ ആരവങ്ങളല്ല കോടതി വിധികള്‍ക്ക് അടിസ്ഥാനമാകേണ്ടത്: പി.എസ്.ശ്രീധരന്‍ പിള്ള

April 2, 2022
Google News 2 minutes Read

തെരുവിലെ ആരവങ്ങളല്ല കോടതി വിധികള്‍ക്ക് അടിസ്ഥാനമാകേണ്ടതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. അന്തിചര്‍ച്ചകളിലെ വികാരത്തള്ളിച്ചയും ക്രിമിനല്‍ കേസുകളുടെ തെരുവ് വിചാരണയും വിധിപ്രഖ്യാപനവും നിയമവാഴ്ച്ച തകര്‍ക്കും. ജഡ്ജിമാരെ നാട് കടത്തിയാല്‍ നീതി നടപ്പാകുമോയെന്നും അദ്ദേഹം ചോദിച്ചു. നിരപരാധികള്‍ ശിക്ഷിക്കപ്പെട്ട കേരളത്തിലെ പത്ത് സംഭവങ്ങള്‍ കോര്‍ത്തിണക്കി അഡ്വ.അരുണ്‍.കെ.ധന്‍ എഴുതിയ നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍.

ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ കെട്ടിവെയ്‌ക്കേണ്ട സ്ഥിതിയാണ്. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരു മനുഷ്യന് ഇതെങ്ങനെ സാധ്യമാകുമെന്ന് കൂടി ചിന്തിക്കണം. നിരപരാധികളായ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥന് ജനങ്ങള്‍ പൗരസ്വീകരണം നല്‍കിയതും അദ്ദേഹത്തിന് പ്രമോഷന്‍ ലഭിച്ചതുമെല്ലാം കേരളത്തില്‍ നടന്നതാണ്. പിന്നീട് ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികള്‍ ആണെന്ന് തെളിഞ്ഞപ്പോള്‍ നഷ്ടം ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിമൂന്നാം അനുച്ഛേദവും തെളിവ് നിയമത്തിലെ 20 മുതല്‍ 27 വരെയുള്ള വകുപ്പുകളും സൂക്ഷ്മ പഠനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റസമ്മത മൊഴികള്‍ ആധാരമാക്കി തെളിവുകള്‍ കോടതിമുറിക്കുള്ളില്‍ വാദിക്കാനുള്ള ഇന്ധനമാക്കി മാറ്റുമ്പോള്‍ തകരുന്നത് നീതിക്രമമാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എം.കെ.കെ.നായരുടെയും രാജന്‍ പിള്ളയുടെയും കേസുകളില്‍ മലയാളികള്‍ പാലിച്ചത് കുറ്റകരമായ മൗനമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പുസ്തക പ്രകാശനം നിര്‍വഹിച്ചു. മുന്‍ ഡിജിപി ആര്‍.ശ്രീലേഖ പുസ്തകം ഏറ്റുവാങ്ങി. ജസ്റ്റിസ്.എന്‍.നഗരേഷ് അധ്യക്ഷത വഹിച്ചു.

Story Highlights: Court verdicts should not be based on street riots: PS Sreedharan Pillai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here