Advertisement

കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവുമധികം സംഭാവന സ്വീകരിച്ചത് ബിജെപി; 2019-20 വര്‍ഷത്തില്‍ ലഭിച്ചത് 720 കോടി

April 5, 2022
Google News 2 minutes Read

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവുമധികം സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. 720 കോടിയിലധികം രൂപയുടെ സംഭാവന ബിജെപി കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ചെന്നാണ് എഡിആറിന്റെ റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്നും ആകെ 921.95 കോടി രൂപയുടെ സംഭാവന സ്വീകരിച്ചെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനും മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിച്ചത് 573.18 കോടി രൂപയാണെന്നും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്. (highest corporate donation went to bjp)

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ 91 ശതമാനവും കോര്‍പറേറ്റ് ഫണ്ടുതന്നെയാണ്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, എന്‍സിപി, തൃണമൂണ്‍ കോണ്‍ഗ്രസ് എന്നിങ്ങനെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ബിജെപിയാണ് കൂടുതല്‍ സംഭാവന സ്വീകരിച്ചതെന്ന് എഡിആര്‍ കണ്ടെത്തിയത്.

Read Also : സഖ്യത്തില്‍ പ്രശ്‌നങ്ങള്‍;ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലെന്ന് സൂചന

2025 കോര്‍പറേറ്റുകളില്‍ നിന്നായി ബിജെപി 720.407 കോടി രൂപ സംഭാവനയായി സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് 154 കോര്‍പറേറ്റുകളില്‍ നിന്ന് ലഭിച്ചത് 133.04 കോടി രൂപയുടെ സംഭാവനയാണ്. എന്‍സിപി 57.086 കോടി രൂപ വാങ്ങി. സിപിഐഎമ്മിന് 6.91 കോടി രൂപയുടെ സംഭാവന ലഭിച്ചു. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കണെമന്നാണ് നിയമം. തങ്ങള്‍ക്ക് 20000 രൂപയ്ക്ക് മുകളിലുള്ള യാതൊരു സംഭാവനയും ലഭിച്ചില്ലെന്നാണ് ബിഎസ്പി സാക്ഷ്യപ്പെടുത്തിയിരുന്നത്. കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ച യാതൊരു വരുമാനവും സിപിഐയും രേഖപ്പെടുത്തിയിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവകളില്‍ 43% ശതമാനവും ഇലക്ട്രോള്‍ ട്രസ്റ്റുകളില്‍ നിന്നാണ്. സംഭാവനയുടെ 15.87 ശതമാനം നിര്‍മാണ കമ്പനികളില്‍ നിന്നും 13 ശതമാനം ഖനന/ കെട്ടിട നിര്‍മാണ/ കയറ്റുമതി കമ്പനികളില്‍ നിന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.

Story Highlights: highest corporate donation went to bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here