അടുത്ത മൂന്ന് മണിക്കൂറിൽ 12 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറിൽ 12 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
ഇന്നും നാളെയും തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഏപ്രിൽ ഏഴിന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്.
Story Highlights: rain alert in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here