ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തും; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥി

പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന നിയമം പോലെ ഇതും നടപ്പിലാക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തത് നിയമവിരുദ്ധമാണെന്നും, സമാനമായി ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് മറൈൻ ലെ പെൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഹിജാബ് ധരിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഉൾപ്പെടെ വാഗ്ദാനം ചെയ്ത പല നിയമങ്ങളും നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ പരിഗണിക്കുമെന്നും ലെ പെൻ പറഞ്ഞു. ഫ്രാൻസിൽ സ്കൂളുകളിൽ മതചിഹ്നം ധരിക്കുന്നതും പൊതു സ്ഥലങ്ങളിൽ മുഖം മറക്കുന്ന തരത്തിലുള്ള ബുർഖ ധരിക്കുന്നതും വിലക്കിയിരുന്നു.
അതേസമയം 53 കാരിയായ ലെ പെൻ ഈ വർഷത്തെ പ്രചാരണ വേളയിൽ കുടിയേറ്റ വിരുദ്ധ നിലപാടിൽ മയം വരുത്തുകയും പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ ഊന്നൽ നൽകുകയും ചെയ്തു. ഈ മാറ്റം അവർക്ക് കൂടുതൽ സാധ്യത നൽകുന്നുവെന്നാണ് വിലയിരുത്തൽ.
Story Highlights: French far-right candidate Le Pen vows hijab fines in tight election battle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here