Advertisement

ഐ.പി.എൽ, ചെന്നൈയ്ക്ക് നാലാം തോൽവി; ഹൈദരാബാദിന് അനായാസജയം

April 9, 2022
Google News 2 minutes Read
chennai

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യജയം. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. ചെന്നൈ ഉയർത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (32), രാഹുല്‍ ത്രിപാഠി (15 പന്തില്‍ പുറത്താവാതെ 39) എന്നിവര്‍ കൂടി അടിച്ചുകളിച്ചപ്പോൾ ഹൈദരാബാദിന്റെ ജയം അനായാസമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്കെതിരെ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ചെന്നൈയുടെ ടോപ് സ്‌കോറര്‍ 35 പന്ത് നേരിട്ട് 48 റണ്‍സെടുത്ത മൊയീന്‍ അലിയാണ്.

ഹൈദരാബാദിന്റെ മറുപടി ബാറ്റിങ്ങിൽ വില്യംസണ്‍ ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. 40 പന്തുകള്‍ നേരിട്ട വില്യംസണ്‍ രണ്ട് ഫോറും ഒരു സിക്‌സും ഉൾപ്പടെ 32 റണ്‍സാണെടുത്തത്. 13-ാം ഓവറില്‍ മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠിയാണ് ഹൈദരാബാദിനെ വിജയതീരത്തെത്തിച്ചത്. ത്രിപാഠി രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് അടിച്ചുകൂട്ടിയത്. അഭിഷേകിന് ശേഷം 56 റണ്‍ണും ത്രിപാഠി കൂട്ടിചേര്‍ത്തു. ഇതിനിടെ അഭിഷേക് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. 5 റൺസുമായി നിക്കോളാസ് പുരാന്‍ പുറത്താവാതെ നിന്നു.

Read Also : തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് പഞ്ചാബിനെ നേരിടും

ആദ്യജയം കൊതിച്ചെത്തിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ റോബിന്‍ ഉത്തപ്പ (15), റിതുരാജ് ഗെയ്കവാദ് (16) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മൊയീന്‍- അമ്പാട്ടി റായുഡു സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിചേര്‍ത്തു. റായുഡുവിനെ പുറത്താക്കി സുന്ദര്‍ വീണ്ടും ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്ക്കും (3) എം എസ് ധോണിക്കും (3) ഒന്നും ചെയ്യാനായില്ല.

നടരാജന്റെ പന്തില്‍ ഉമ്രാന്‍ മാലിക്കിന് ക്യാച്ച് നൽകിയാണ് ധോണി മടങ്ങിയത്. 14 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജഡേജയെ ഭുവനേശ്വര്‍ കുമാര്‍ അവസാന ഓവറിലാണ് മടക്കുന്നത്. ഡ്വെയ്ന്‍ ബ്രാവോ (8), ക്രിസ് ജോര്‍ദാന്‍ (6) എന്നിവര്‍ ചേർന്നാണ് ചെന്നൈയുടെ സ്‌കോര്‍ 150 കടത്തിയത്.

Story Highlights: IPL, fourth defeat to Chennai; Easy victory for Hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here