ഐപിഎൽ: ജയമില്ലാത്ത ചെന്നൈ ഇന്ന് ആർസിബിയ്ക്കെതിരെ

ഐപിഎലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം. നാല് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ എങ്ങനെയും വിജയവഴിയിൽ എത്താനുള്ള ശ്രമത്തിലാണ്. അതേസമയം, പുതിയ നായകനു കീഴിൽ നാലിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലുള്ള ബാംഗ്ലൂർ ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്താനാവും ശ്രമിക്കുക. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഇത്. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് അപ്പാടെ താളം തെറ്റിയിരിക്കുന്നു. മികച്ച പ്രകടനം നടത്തിവന്ന ഡ്വെയിൻ പ്രിട്ടോറിയസിനെ പുറത്തിരുത്തി കഴിഞ്ഞ കളിയിൽ ടീമിൽ ഉൾപ്പെടുത്തിയ മഹീഷ് തീക്ഷണ കൂടി മോശം പ്രകടനം നടത്തിയത് ചെന്നൈയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കെഎം ആസിഫ്, രാജവർധൻ ഹങ്കർഗേക്കർ, സിമർജീത് സിംഗ് എന്നിങ്ങനെ ചില താരങ്ങൾ കൂടി ബെഞ്ചിലുണ്ടെന്നതിനാൽ ചില പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായുഡു എന്നിവർ ഫോമിലല്ല. ധോണിയും ജഡേജയും അടക്കമുള്ള മറ്റ് താരങ്ങൾക്ക് സ്ഥിരതയില്ല. ഇവരിൽ മാറ്റിനിർത്താവുന്ന ആരും ഇല്ലെന്നതാണ് ചെന്നൈയെ വലയ്ക്കുന്നത്.
മറുവശത്ത് തങ്ങളുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച പേസർ ഹർഷൽ പട്ടേൽ ഇന്ന് കളിക്കാത്തത് ആർസിബിയ്ക്ക് തിരിച്ചടിയാണ്. സഹോദരിയുടെ മരണത്തെ തുടർന്ന് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഹർഷലിൻ്റെ അഭാവത്തിൽ സിദ്ധാർത്ഥ് കൗളിനു നറുക്ക് വീണേക്കും. ഫോമിലുള്ള അനുജ് റാവത്ത്, ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ്‌വെലിൻ്റെ തിരിച്ചുവരവ് ബാംഗ്ലൂർ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ് തല്ലു വാങ്ങുന്നത് ആശങ്കയാണെങ്കിലും വനിന്ദു ഹസരങ്കയും ആകാശ് ദീപും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ഹർഷലിൻ്റെ അഭാവം തിരിച്ചടിക്കുമെങ്കിലും മികച്ച ബൗളിംഗ് നിരയും ആർസ്ബിയ്ക്കുണ്ട്.
Story Highlights: chennai super kings ipl royal challengers bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here