Advertisement

ഭരണഘടനയിലൂടെ സാമൂഹിക മാറ്റം; സമത്വം എന്ന വലിയൊരു ആശയം ഇന്ത്യയ്ക്കായി വിഭാവനം ചെയ്ത ഡോ ബി ആർ അംബേദ്ക്കർ

April 14, 2022
Google News 1 minute Read

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഇന്ന് ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്ക്കറുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യ എന്ന മഹത്തായ ആശയം രൂപപ്പെടുത്താനാവശ്യമായ രൂപരേഖയാണ് ഭരണ ഘടനയിലൂടെ ഡോ. ബി ആർ അംബേദക്കർ നമുക്ക് നൽകിയത്.ആധുനിക ഇന്ത്യയിലെ പല കാര്യങ്ങളെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ അംബേദ്ക്കറെ വീണ്ടും വായിക്കേണ്ടതിന്റേയും അറിയേണ്ടതിന്റേയും പ്രസക്തി വർധിക്കുകയാണ്

അംബേദ്ക്കർ നൽകുന്ന ചരിത്ര പാഠങ്ങൾ പരിശോധിച്ചാൽ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിൽ അതിരൂക്ഷമായ സാമൂഹിക, സാമ്പത്തിക, അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. ജന്മിത്വവും, അടിമത്വവും കൊടികുത്തി വാണിരുന്നു. അവ ഉയർത്തിയ വെല്ലുവിളികളെ മറികടക്കാനും എല്ലാ വിഭാ​ഗം ജനങ്ങളുടേയും ഒരുമിച്ചുള്ള പുരോ​ഗതി ഉറപ്പ് വരുത്താനുമായി സമത്വം എന്ന വലിയൊരു ആശയത്തിലൂന്നിയ ഭരണഘടനയാണ് ഇന്ത്യയ്ക്കായി ഡോ ബി ആർ അംബേദ്ക്കർ വിഭാവനം ചെയ്തത്. ഭരണഘടനയിലൂടെ ഒരു രാഷ്ട്രത്തേയും സമൂഹത്തേയും രൂപപ്പെടുത്തുക എന്ന കാര്യത്തിനാണ് ഡോ ബി ആർ അംബേദ്ക്കർ തുനിഞ്ഞിറങ്ങിയത് എന്നുള്ള കാര്യത്തിൽ സംശയമില്ല.

നീതിക്കും തുല്യതയ്‌ക്കും വേണ്ടി പ്രവർത്തിച്ച അംബേദ്‌കറുടെ ജനനം മധ്യപ്രദേശിലെ ഒരു ദളിത് കുടുംബത്തിലാണ്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബഡാവെ പട്ടണത്തിൽ നിന്നുള്ള അംബേദ്‌കറുടെ കുടുംബം മഹർ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ജാതി വിവേചനത്തിൻ്റെ തീവ്രതയറിഞ്ഞ ഒരു ബാല്യമായിരുന്നു അംബേദ്ക്കറിന്റേത്. ഇത്തരത്തിലൊരു കുടുംബ പശ്ചാത്തലത്തിൽ വളർന്നത് കൊണ്ട് തന്നെ എന്നും തുല്യതയ്‌ക്ക് വേണ്ടിയായിരുന്നു അംബേദ്‌കർ നിലനിന്നത്. അടിമത്തം എന്ന അനുഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടെന്ന് തന്റെ രചനകളിൽ പലയിടത്തും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ സമൂഹങ്ങളുടെ ഉന്നതിക്കും, സമത്വത്തിനുമുള്ള ഒരു മാർഗമായാണ് അംബേദ്ക്കർ സംവരണത്തെ കണ്ടിരുന്നതും, ഭരണ ഘടനയിൽ ഉൾപ്പെടുത്തിയതും. തൊട്ടുകൂടായ്മയുടെ ഭൗതികവും ആത്മീയവുമായ പീഢനങ്ങൾ അനുഭവിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം ജാതി വ്യവസ്ഥയുടെ ഭീകര പാഠങ്ങൾ മനസിലാക്കിയിരുന്നത്.

കടുത്ത ജാതി വിവേചനം നേരിട്ടെങ്കിലും ‘ഞാന്‍ ഹിന്ദുവായാണ്‌ ജനിച്ചത്‌. പക്ഷേ, ഹിന്ദുവായി മരിക്കില്ല’ , എന്ന് അംബേദ്ക്കർ പ്രഖ്യാപിച്ചിരുന്നു. തൻ്റെ ആത്മകഥാകുറിപ്പിൽ തൻ്റെ ഗ്രാമത്തിൽ നിന്നും ഗോറിഗോവിലേക്കുള്ള യാത്രയിൽ എങ്ങനെയാണ് താനൊരു അയിത്ത ജാതിയിൽപെട്ട ബാലനാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇത് സമൂഹത്തിലാകെ വ്യാപിച്ചുകിടക്കുന്ന വേർതിരിവിൻ്റെയും വിവേചനങ്ങളുടെയും അനുഭവസാക്ഷ്യമായിരുന്നെന്നും അദ്ദേഹം എഴുതി ചേർത്തിട്ടുണ്ട്. ഈ തിരിച്ചറിവാണ് ജാതിയുടെ ഉത്ഭവത്തെയും അതിൻ്റെ ഉന്മൂലനത്തെയും കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് അംബേദ്ക്കറെ തിരിച്ചുവിടുവാൻ കാരണമായി തീർന്നത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

രാജ്യം കണ്ട അതുല്യ പ്രതിഭകളിൽ ഒരാളാണ് ഡോ. ബിആർ അംബേദ്‌കർ. ഇന്ത്യയുടെ ഭരണഘടനാ ശിൽപി എന്നതിലുപരി സാമൂഹിക പരിഷ്‌കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്‌ധൻ എന്നീ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. ഒരു തരത്തിൽ പറഞ്ഞാൽ ബറോഡ രാജാവിൻ്റെ പിന്തുണ നേട്ടമായി എന്ന് പറയാവുന്നതാണ്. കുടംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അംബേദ്ക്കർ നേരിട്ടപ്പോഴും മികച്ച വിദ്യാഭ്യാസം നേടാൻ അംബേദ്‌കറിന് കഴിഞ്ഞിരുന്നു. ബറോഡ രാജാവിൻ്റെ സ്‌കോളർഷിപ്പ് നേടി അംബേദ്‌കർ ബിഎ ബിരുദം നേടിയെങ്കിലും ജാതിയുടെ പേരിൽ ജോലി ലഭിക്കാതെ വന്നു. ജോലി ലഭിക്കാതെ വന്നതോടെ വീണ്ടും ബറോഡ രാജാവിനെ സമീപിച്ചു. അംബേദ്‌കറുടെ കഴിവ് തിരിച്ചറിഞ്ഞ രാജാവ് അദ്ദേഹത്തിന് ബറോഡാ സൈന്യത്തില്‍ ലെഫ്റ്റനന്റായി ജോലി നല്‍കി. തൻ്റെ വഴി ഇതല്ലെന്ന തോന്നൽ ശക്തമായതോടെ അദ്ദേഹം ബറോഡാ സൈന്യത്തിൽ നിന്ന് രാജിവച്ചു.

ബറോഡാ സൈന്യത്തിൽ നിന്ന് രാജിവച്ച അംബേദ്‌കറിന് മുന്നിൽ ദൈവ ദൂതനെ പോലെ ബറോഡ രാജാവ് വീണ്ടുമെത്തി. ഇവിടെ നിന്നാണ് അംബേദ്‌കറുടെ ജീവിതം കീഴ്‌മേൽ മറിഞ്ഞത്. കൊളംബിയ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് നേടി മികച്ച വിദ്യാഭ്യാസം അദ്ദേഹം സ്വന്തമാക്കി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അംബേദ്‌കർ ബറോഡ രാജാവിൻ്റെ മിലിട്ടറി സെക്രട്ടറിയായി സ്ഥാനമേറ്റു. പിന്നീട് അധ്യാപകൻ, ബോംബെ ഗവണ്‍മെൻ്റ് ലോ കോളേജ് പ്രിന്‍സിപ്പൽ, വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍, മാധ്യമ പ്രവർത്തകൻ എന്നീ സുപ്രധാന പദവികൾ വഹിക്കാനും അദ്ദേഹത്തിനായി.

ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു ഇന്ത്യയുടെ ഭരണഘടന ശിൽപിയായ ഭീം റാവു അംബാവേഡക്കര്‍ എന്ന ഡോ. അംബേദ്‌കർ. ഭരണഘടനയിലൂടെ ഒരു സാമൂഹിക മാറ്റത്തിന് ശ്രമിച്ചായിരുന്നു അംബേദ്ക്കർ ഭരണഘടന വിഭാവനം ചെയ്തത്. എന്നാൽ എഴുപത്തിയഞ്ചിൽ എത്തി നിൽക്കുമ്പോൾ ആധുനിക സമൂഹമായി നമ്മൾ പരിവർത്തനം ചെയ്യപ്പെട്ടോ എന്ന ചോദ്യവും ഇവിടെ ഉയർന്ന് വരികയാണ്.

Story Highlights: Ambedkar Jayanti Birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here