Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 14-04-2022)

April 14, 2022
1 minute Read
news round up april 14
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ സ്വിഫ്റ്റിന് നാലാമത്തെ അപടകം; സംഭവം താമരശേരി ചുരത്തിൽവെച്ച് ( news round up april 14 )

കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാർശ്വഭിത്തിയിൽ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേർത്ത് നാലാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ഇതിന് മുൻപ് രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയാണ് വിവിധയിടങ്ങളിൽവെച്ച് ബസുകൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയ്ക്ക് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഡീലക്സ് എയർ ബസാണ് വയനാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് അപകടമൊന്നുമുണ്ടായിട്ടില്ല.

കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമെന്ന് കെ. സുരേന്ദ്രൻ; വിഷുക്കൈനീട്ടവിവാ​ദത്തിൽ സുരേഷ് ​ഗോപിക്ക് പിന്തുണ

വിഷുക്കൈനീട്ടവിവാ​ദത്തിൽ സുരേഷ് ​ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രം​ഗത്ത്. വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

തമിഴ്നാട് സ്വദേശി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല; സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ കുന്നുംകുളത്ത് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലിൽക്കൂടി കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

മകളെ കാണണം; യമനിൽ പോകാൻ അനുവാദം നൽകണം; നിമിഷ പ്രിയയുടെ അമ്മ 24നോട്

യമനിൽ പോകാൻ അനുവാദ് നൽകണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമ. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ കാണണമെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല;
പ്രതിഷേധവുമായി ജീവനക്കാർ

വിഷുവിന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ഇന്നും നാളെയും സർക്കാർ ഓഫീസുകൾ അവധിയായതിനാലാണ് ശമ്പളം എത്തുന്നത് വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്.

ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ ഇടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

വിവാദ മിശ്രവിവാഹം, കേ. സുരേന്ദ്രൻ കോടഞ്ചേരിയിലെത്തും;
വിശദീകരണ യോ​ഗവുമായി കോൺ​ഗ്രസും ബി.ജെ.പിയും

കോഴിക്കോട് കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹ വിഷയത്തിൽ വിശദീകരണ യോ​ഗവുമായി കോൺ​ഗ്രസും ബി.ജെ.പിയും രം​ഗത്ത്. വൈകിട്ടാണ് യോ​ഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ബി.ജെ.പി അദ്ധ്യക്ഷൻ കേ. സുരേന്ദ്രനും ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാറും കോടഞ്ചേരിയിലെത്തും. വീട്ടുകാരുമായി സംസാരിച്ച ശേഷമായിരിക്കും ഇരു പാർട്ടികളും തുടർ നടപടികൾ ആലോചിക്കുക.

ഓളങ്ങൾ, യാത്ര എന്നീ സിനിമകളുടെ നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

നിർമ്മാതാവ് ജോസഫ് എബ്രഹാം കോട്ടയത്ത് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമ്മാതാവായിരുന്നു. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ​ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

ജീവനക്കാർക്ക് മുങ്ങി നടക്കാനാവില്ല; സർക്കാർ ഓഫീസുകളിൽ പഞ്ചിം​ഗ് പുനഃസ്ഥാപിച്ചു

കൊവിഡ് ഭീഷണി കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്ത് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സംവിധാനമായിരുന്നു.

ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ചവർ പിടിയിൽ

കൊല്ലത്ത് ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂർ ജംഗ്ഷനിലാണ് സംഭവം നടന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പി.ടി. തോമസിൻ്റെ ഭാര്യയ്ക്ക് സാധ്യത

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. പി.ടി. തോമസിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കാനുള്ള അണിയറ നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. സാമുദായിക സമവാക്യങ്ങൾ കൂടെ പരിഗണിച്ച് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ ഇറക്കി തൃക്കാക്കര പിടിക്കണമെന്ന വാശിയിലാണ് സിപിഐഎം. ശക്തമായ മത്സരം കാഴച്ച വെക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

ഇന്ന് പെസഹ വ്യാഴം

ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കും. അടുത്ത മണിക്കൂറുകളിൽ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

Story Highlights: news round up april 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement