Advertisement

വൈദ്യുതി ബോര്‍ഡിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചു: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

April 15, 2022
Google News 2 minutes Read

വൈദ്യുതി ബോര്‍ഡിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രശ്‌നങ്ങള്‍ നീണ്ടുപോയാല്‍ കെഎസ്ഇബിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി. മാനേജ്‌മെന്റോ യൂണിയനോ ആവശ്യപ്പെട്ടാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്ന് കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച ഔദ്യോഗിക ചര്‍ച്ചയില്ലെന്നും കൂടിക്കാഴ്ച നടത്തുമെന്നും വൈദ്യുതി മന്ത്രി ട്വിന്റി ഫോറിനോട് പറഞ്ഞു.

കെഎസ്ഇബി സമരം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുമുണ്ടായേക്കും. സിപിഐഎം നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയതോടെയാണ് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തെളിയുന്നത്. സ്ഥലംമാറ്റത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നിലപാട്.

കെഎസ്ഇബിയിലെ സമരം നീളുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു. സമരത്തിനെതിരെ ചെയര്‍മാന്‍ നടത്തിയ പ്രതികരണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മാത്രമല്ല എം.ജി.സുരേഷ്‌കുമാറിന്റെ സസ്പെന്‍ഷന്‍ മെമ്മോയില്‍ ആരോപിക്കാത്ത കുറ്റങ്ങളാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. ഈ കാലയളവിലാകട്ടെ സുരേഷ് കുമാര്‍, മന്ത്രിയായിരുന്ന എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സമരം അവസാനിപ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഇടപെടുന്നില്ലെന്ന ആരോപണവും മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കുണ്ട്.

സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ പ്രശ്നമായി മാറാനുള്ള സാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രീയ ഇടപെടലിനു നീക്കം. സ്ഥലം മാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിലപാട്. സമരം നീണ്ടുപോയാല്‍ കൂടുതല്‍ ആരോപണങ്ങള്‍ സിപിഐഎം, സിഐടിയു നേതാക്കളില്‍ നിന്നും മന്ത്രിക്കെതിരെ ഉയര്‍ന്നേക്കാം. അതിനാല്‍ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. നാളെ ഇതു സംബന്ധിച്ച രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന സമരം ശക്താക്കുന്നതില്‍ സംയുക്ത സമര സഹായ സമിതി നാളെ തീരുമാനമെടുക്കും.

Story Highlights: Most of the problems in the Electricity Board have been solved: Minister K Krishnankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here