ജഹാംഗീര്‍പുരി സംഘര്‍ഷം; സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

ജഹാംഗീര്‍ പുരി സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അമൃത്പാല്‍ സിംഗ് ഖാല്‍സയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കത്തയച്ചത്.
‘ജഹാംഗീര്‍ പുരി സംഘര്‍ഷം ഭരണഘടനയുടെ മുഖത്തേറ്റ മുറിവാണ്. രണ്ട് വര്‍ഷത്തിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. രണ്ട് തവണയും ന്യൂന പക്ഷ സമുദായത്തില്‍പ്പെട്ടവരെയാണ് കുറ്റപ്പെടുത്തുന്നത്. ജഹാംഗീര്‍ പുരി സംഘര്‍ഷത്തില്‍ ആദ്യം തന്നെ പൊലീസ് അറസ്റ്റ് ചെയ്തത് ന്യൂന പക്ഷ സമുദായത്തില്‍പ്പെട്ടവരെയാണ്. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ പക്ഷപാതമാണെന്നും യഥാര്‍ത്ഥ ആസൂത്രകരെ മറച്ചു പിടിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
സംഘര്‍ഷത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഇതുവരെ ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, കവര്‍ച്ചാക്കേസുകളില്‍ മുന്‍പ് ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണ് ഒടുവിലായി അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.
Read Also : ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം; ഒരാൾ കൂടി അറസ്റ്റിൽ
മുഖ്യ ആസൂത്രകരെന്ന് ആരോപണമുയര്‍ന്ന അന്‍സാര്‍, അസ്‌ലം എന്നിവരെ ഇന്നലെ രോഹിണി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Story Highlights: Jahangirpuri clash Letter to Supreme Court Chief Justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here