പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം; സിൽവർ ലൈനിനെതിരെ കെ. സുധാകരൻ

സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാതപഠനം നടത്തുമെന്ന സർക്കാരിന്റെ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം. മുഖ്യമന്ത്രി കുറ്റി നാട്ടിയാലും അത് കോൺഗ്രസുകാർ പിഴുതെറിയും. കേരളം ഇവിടത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
കെ റെയിൽ വിരുദ്ധ സമരത്തിൽ ജനങ്ങളെ അണിനിരത്താൻ കോൺഗ്രസ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും. കേരളത്തിന്റെ ആശങ്ക പരിഹരിക്കാതെയാണ് മുഖ്യമന്ത്രി കെ റെയിലുമായി മുന്നോട്ട് പോകുന്നത്. ഇടതുപക്ഷക്കാരായ വീട്ടമ്മമാർ പോലും പദ്ധതിക്ക് എതിരാണ്. ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ഇതിനെതിരെ പദയാത്ര സംഘടിപ്പിക്കും.
Read Also : പിണറായി ബൂർഷ്വകൾക്കൊപ്പമാണോ കർഷകർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ
കണ്ണൂരിൽ നടന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് അധ്വാനിക്കുന്ന പാർട്ടിയുടെ ധൂർത്തായിരുന്നു. മുതലാളിത്ത പാർട്ടിക്ക് പോലും ഇത്തരത്തിലുള്ള ധൂർത്ത് നടത്താനാവില്ല. ഇതിന് വേണ്ടി എത്ര കോടി രൂപ ചെലവഴിച്ചെന്ന് ആലോചിക്കണം. കുട്ടനാട്ടിലെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്യുമ്പോഴാണ് സി.പി.ഐ.എമ്മിന്റെ വൻ ധൂർത്ത്. ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും സുധാകരൻ ആരോപിച്ചു.
പൊലീസിന് കൊലയാളികളെ സംരക്ഷിക്കുന്ന നയമാണ്. നോക്കുകുത്തിയായ ഇന്റലിജൻസ് സംവിധാനത്തെ പിരിച്ചുവിടണം. കോൺഗ്രസിന്റെ മെമ്പർഷിപ്പ് കാമ്പയിനിൽ ടാർജറ്റ് തികയ്ക്കാനായില്ല. പി.ജെ. കുര്യന്റെ വിമർശനം എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. കുര്യനെതിരെ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സുധാകരൻ വ്യക്തമാക്കി.
Story Highlights: K Sudhakaran against Silver Line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here