മോശം സമീപനമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗീകാതിക്രമം കാട്ടിയ കേസിൽ ഡ്രൈവർക്ക് സസ്‌പെൻഷൻ. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ. ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ആർടിസി എംഡിയാണ് സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത്. ( ksrtc driver suspended )
കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ഡ്രൈവർ ശ്രമിച്ചെന്ന വാർത്ത ആദ്യം പുറത്ത് വിട്ടത് ട്വന്റിഫോറാണ്. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്‌സ് ബസിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിലെ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരേയാണ് പരാതി. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നൽകിയത്.
തുടർന്ന് ആരോപണം തള്ളി ഡ്രൈവർ രംഗത്തുവന്നു. ‘നാലാം നമ്പർ സീറ്റിലിരുന്ന പെൺകുട്ടി ആറാം നമ്പർ സീറ്റിൽ വന്നിരുന്നു. പക്ഷേ ലേഡീസ് ക്വാട്ട ആയതിനാൽ ഞാനൊന്നും സംസാരിക്കാൻ പോയില്ല. കുറുവിലങ്ങാട് ആയപ്പോൾ ആറാം നമ്പർ സീറ്റിലേക്കുള്ള വ്യക്തി വന്നു. ചോദിച്ചപ്പോൾ കാൽ നിവർത്തി വയ്‌ക്കേണ്ടതുകൊണ്ട് അവിടെ ഇരുന്നതാണെന്ന് പറഞ്ഞു. അങ്ങനെ ആ വ്യക്തി നാലാം നമ്പർ സീറ്റിലേക്ക് പോയിരുന്നു. ബാക്കി 39 സീറ്റും ഫുൾ റിസർവേഷനായിരുന്നു. പെൺകുട്ടിയെ ഞാൻ അടുത്തിരിക്കാൻ വിളിച്ചുവെന്നാണ് പറയുന്നത്. എന്റെ അടുത്ത ആളുണ്ട്. അയാളുടെ മണ്ടയ്ക്ക് കയറി ഇരിക്കാൻ എനിക്ക് പറയാൻ പറ്റില്ലല്ലോ ? കൃഷ്ണഗിരിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. വെളുപ്പിന് 3 മണിക്ക് ഞാൻ വണ്ടിയോടിക്കുന്ന സമയമാണ്. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഓരോ വണ്ടിയിലും പഠിക്കാൻ പോകുന്ന പെൺകുട്ടികൾ എനിക്ക് എന്റെ മക്കൾക്ക് തുല്യമാണ്’-ഡ്രൈവർ പറഞ്ഞു.
Story Highlights: ksrtc driver suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here