Advertisement

‘സിപിഐഎം വനിതാ നേതാക്കളുടെ അഴിമതി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സഹിക്കേണ്ടിവരുന്നു’; പിഴ വിവാദത്തില്‍ ബിന്ദു കൃഷ്ണ

April 21, 2022
Google News 2 minutes Read

ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി ലഭിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നിയമാനുസൃതമായി സ്ഥാപിതമായിട്ടുള്ള കുടുംബശ്രീ പോലൊരു പ്രസ്ഥാനത്തെ സിപിഐഎം പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രവണതയാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ടുവരുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. സിപിഐഎം പാര്‍ട്ടി ഓഫിസില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന തെറ്റായ ധാരണയാണ് സിപിഐഎം ഉണ്ടാക്കിയെടുക്കുന്നത്. സിപിഐഎം വനിതാ നേതാക്കളുടെ അഴിമതിയുടെ ഇരകളായി സാധാരണക്കാരായ സ്ത്രീകളെ ഇവര്‍ മാറ്റുന്നു. പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കാതിരിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് പല കുടുംബശ്രീ പ്രവര്‍ത്തകരും നിശബ്ദരായി സഹിക്കുന്നതെന്നും ബിന്ദു കൃഷ്ണ ട്വന്റിഫോറിനോട് പറഞ്ഞു. (bindu krishna on kudumbasree row)

ചിറ്റാറില്‍ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാ കുടുംബശ്രീ ഗ്രൂപ്പില്‍ നിന്നും 5 പേര്‍ വീതം പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്ന സന്ദേശമാണ് വിവാദമായത്. പത്തനംതിട്ട ചിറ്റാറിലെ കുടംബശ്രീ സിഡി എസ് ചെയര്‍ പേഴ്സനാണ് വാട്സ് ആപ് ഗ്രൂപ്പില്‍ സന്ദേശം അയച്ചത്.

Read Also : ‘എനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറെ നീതിയും എന്ന രീതി ശരിയാണോ?’; വിമര്‍ശിച്ച് കെ വി തോമസ്

ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്ഐ സെമിനാര്‍. ‘ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാര്‍ ടൗണില്‍ വച്ചാണ് സെമിനാര്‍ ഉദ്ഘാടനം. സെറ്റ് സാരിയും മറൂണ്‍ ബ്ലൗസുമാണ് വേഷം. എല്ലാ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം നിര്‍ബന്ധമായും വരണം. വരാതിരിക്കരുത്’- വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം ഇങ്ങനെ.

രാഷ്ട്രീയമില്ലാത്ത സംഘടനയാണ് കുടുംബശ്രീ. അതില്‍ വിവിധ രാഷ്ട്രീയ നിലപാടുള്ള സ്ത്രീകളുണ്ട്. അതുകൊണ്ട് തന്നെ ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുക്കാതിരുന്നാല്‍ പിഴ ഈടാക്കുമെന്ന ഭീഷണിക്കെതിരെ പരതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സന്ദേശമോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ ധാരാളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരുമുണ്ടെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

Story Highlights: bindu krishna on kudumbasree row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here