Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (22-04-22)

April 22, 2022
Google News 5 minutes Read

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം;സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സുന്‍ജ്വാനില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.(One soldier martyred jammu kashmir terrorist attack)

സില്‍വര്‍ലൈന്‍: പ്രതിഷേധങ്ങള്‍ക്കിടെ ഇന്നും കല്ലിടല്‍ തുടരും

സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. (silver line survey amid protest)

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക. (JDS-LJD merge soon )

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ജനങ്ങള്‍ ഏറ്റെടുത്തു; പത്ത് ദിവസങ്ങള്‍ കൊണ്ട് 61 ലക്ഷം രൂപ വരുമാനം

വിവാദങ്ങള്‍ക്കിടയിലും മികച്ച വരുമാനം നേടി കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ്. ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതങ്ങളുടെ വിലയിരുത്തല്‍. ഉദ്ഘാടനം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചര്‍ച്ചയായിരുന്നു.(ksrtc swift profit 61 lakhs within 10 days)

വൈദ്യുതി നിരക്ക് കൂട്ടാന്‍ വരുമാനക്കണക്ക് മറച്ചുവച്ച് കെഎസ്ഇബി; 2,014 കോടി മറച്ചുവച്ചെന്ന് രേഖകള്‍

വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി വരുമാനക്കണക്ക് മറച്ചുവച്ച് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ കണക്കുകകളാണ് മറച്ചുവച്ചത്. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്മിഷനെ ധരിപ്പിച്ചതായി രേഖകളുണ്ട്. (KSEB hides revenue to increase power tariff)

സിൽവർ ലൈൻ; വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ വേദി, വിദഗ്ധരുമായി 28ന് ചർച്ച

സിൽവർ ലൈൻ പദ്ധതിയിൽ വിമർശകരെ കേൾക്കാനും മറുപടി നൽകാനും സർക്കാർ വേദി ഒരുങ്ങുന്നു. സിൽവർ ലൈനിൽ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല.

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകൡ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത് അഞ്ച് ദിവസത്തേക്ക് 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കും. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക. (rain alert kerala)

എപി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാൻ

ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്സണ്മാർ. കേരള ഹജ്ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.

കൊവിഡ്‌ ഭീതി; തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

രാജ്യത്ത് കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡൽഹിയിലും പഞ്ചാബിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ചരിത്രപരം; പ്രധാനമന്ത്രി

നാഴികക്കല്ലായി ഇന്ത്യ-ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരകരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടൻ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Story Highlights: Today’s Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here