Advertisement

‘നഷ്ടമായത് സുഹൃത്തിനെ’; ജോണ്‍ പോളിന്റെ വിയോഗം അപ്രതീക്ഷിതമെന്ന് ഇന്നസെന്റ്

April 23, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരക്കഥാകൃത്ത് ജോണ്‍ പോളിനെ അനുസ്മരിച്ച് നടന്‍ ഇന്നസെന്റ്. തനിക്ക് നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്ന് ഇന്നസെന്റ് ട്വന്റിഫോറിനോട് പറഞ്ഞു. മലയാള സിനിമയില്‍ ഇത്രയും തിരക്കഥകള്‍ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോ എന്ന പോലും സംശയമാണ്. ഇളക്കങ്ങള്‍, വിടപറയുംമുമ്പേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജോണ്‍ പോളിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് അനുസ്മരിച്ചു. (innocent on john paul)

ജോണ്‍ പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതലേ നല്ല പരിചയമാണ്. ജോണ്‍ പോളിന്റെ മരണം അപ്രതീക്ഷിതമാണ്. ജോണ്‍ പോളിന്റെ വിയോഗ വാര്‍ത്ത ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇന്നസെന്റ് പറഞ്ഞു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു.

Read Also : തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓര്‍മ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍. വിനായന്വിതനായ മനുഷ്യന്‍. 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. ഇത്തരത്തില്‍ ബഹുതകളാല്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോണ്‍ പോളിന്റെ ചലച്ചിത്രങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ ചാമരം മുതല്‍ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങള്‍. മലയാള ചലച്ചിത്രത്തിന്റെ വളര്‍ച്ചയുടെ സവിശേഷ ഘട്ടത്തില്‍ അതിനൊപ്പം ഋതുപ്പകര്‍ച്ചകള്‍ നേടിയ ജീവിതമാകുന്നു ജോണ്‍പോളിന്റേത്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രതിഭകള്‍ക്കുമൊപ്പം യാത്ര ചെയ്ത് സവിശേഷമായ ആ കാലത്തെ പ്രതിഭയിലേക്ക് സന്നിവേശിപ്പിച്ച ഈ ചലച്ചിത്രകാരന്, സമകാലീക മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനെന്ന ഖ്യാതിയും സ്വന്തം. എന്നാല്‍ ചലച്ചിത്ര മേഖലയിലെ പതിവുവഴികള്‍ വിട്ട് തന്റേതായ ഒന്നും ഘോഷിച്ച് നടക്കാന്‍ മെനക്കെടാതെ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഈ വിനയാന്വിതനായ മനുഷ്യന്‍. ഒരു കാലത്ത് വര്‍ഷത്തില്‍ 14 തിരക്കഥകള്‍ വരെ രചിച്ചിട്ടുണ്ട് മലയാള സിനിമയ്ക്ക് സ്വന്തമായ രസക്കൂട്ട് രൂപപ്പെടുത്തി ഈ എഴുത്തുകാരന്‍.

Story Highlights: innocent on john paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement