Advertisement

കോഴിക്കോട് സ്വദേശിനി ബിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി

April 26, 2022
Google News 1 minute Read
kozhikode woman death due to online rummy

കോഴിക്കോട് ചെങ്ങോട്ടുകാവ് ചേലിയ സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്കിടയാക്കിയത് ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഒരു വർഷത്തിനിടെ റമ്മി കളിച്ച് ഒരു കോടി രൂപയ്ക്കടുത്താണ് ബിജിഷ കടക്കെണിയിലായത്.

കഴിഞ്ഞ ഡിസംബർ 11നാണ് വീട്ടിൽ മരിച്ച നിലയിൽ ബിജിഷയെ കണ്ടെത്തിയത്. ബി.എഡ്. ബിരുദധാരിയായ ബിജിഷ സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരി ആയിരുന്നു. മരിക്കുന്ന ദിവസം ജോലിക്ക് പോകും മുൻപ് നാട്ടിലെ ചിലരോട് ബിജിഷ പണം കടം ചോദിച്ചിരുന്നു. പണം കിട്ടാതായതോടെ വീട്ടിൽ മടങ്ങിയെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മരണ ശേഷം പണം ആവശ്യപ്പെട്ട് ബിജിഷയ്ക്ക് വന്ന ഫോൺ കോളാണ് സംശയങ്ങൾക്ക് ഇട നൽകിയത്. കൊയിലാണ്ടി പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാതാപിതാക്കളിൽ നിന്നും പല പ്രാവശ്യം ബിജിഷ പണം വാങ്ങിയിരുന്നു. എന്നാൽ കാരണം പറഞ്ഞിരുന്നില്ല. വിവാഹത്തിനായി അച്ഛൻ വാങ്ങി വച്ച 35 പവൻ സ്വർണവും വീട്ടുകാരോട് പറയാതെ പണയപ്പെടുത്തിയിരുന്നു. ഇതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ബിജിഷയുടെ ഇടപാടുകൾ മുഴുവൻ. കോവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിലേക്ക് തിരിഞ്ഞത്. തുടക്കത്തിൽ ലാഭം കിട്ടിയതോടെ പരിചയക്കാരോടും വായ്പ വാങ്ങി റമ്മി കളിച്ചു. പണം നഷ്ടമായി തുടങ്ങിയതോടെ ഓൺലൈനിൽ വായ്പ എടുത്തു. ഒടുവിൽ വൻ തുക കടത്തിലായി. എന്നാൽ സാമ്പത്തിക കരുക്കിനെ കുറിച്ച് ആരോടും പൂർണമായും മനസ് തുറക്കാൻ ബിജിഷ തയ്യാറായിരുന്നില്ല. മരണശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോൺ വിളി വരുകയോ, ബിജിഷയെ തേടി ആളുകളെത്തുകയോ ചെയ്തില്ലെന്ന് കുടുംബം പറയുന്നു.

Story Highlights: kozhikode woman death due to online rummy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here