ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നു; ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട് ചെറുവണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നതായുള്ള നിര്‍ണായക സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു വീണ് പരുക്കേറ്റതാകാമെന്ന സാധ്യത പരിശോധിക്കാനായി നാളെ പൊലീസ് സംഘം സ്ഥലം സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരുക്കുകള്‍ വീഴ്ചയിലാണോ ഉണ്ടായതെന്ന് വിശദമായി പരിശോധിക്കും. എന്നാല്‍ ഈ സ്ഥലത്തുനിന്ന് ജിഷ്ണു വീണ് പരുക്ക് സംഭവിക്കാനോ ചാടാനോ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. (jishnu postmortem report)
പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതിന് ശേഷമാണ് ജിഷണു ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലാണ്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്.
9.30 ഓടെ ജിഷ്ണു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍ കോള്‍ വന്നു. ആശുപത്രിയില്‍ പൊലീസുകാരെ കണ്ടില്ലെന്ന് ജിഷ്ണുവിന്റെ സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഏതാനും നാട്ടുകാര്‍ മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: jishnu postmortem report

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here