ആകാശത്തിലും ഭൂമിയിലും വഴികള്‍ വെട്ടിയ റോക്കിംഗ് സ്റ്റാര്‍; ആരാണ് ഇലോണ്‍ മസ്‌ക്?

ഇലോണ്‍ മസ്‌കിന്റെ ജീവിതകഥ വെറും ത്രില്ലര്‍ മാത്രമോ വെറും ഡ്രാമ മാത്രമോ അല്ല മറിച്ച് ഒരു ഗംഭീര സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണെന്ന് മസ്‌കിനെ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാം. ട്വിറ്റര്‍ കൂടി സ്വന്തമാക്കിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ മസ്‌കിന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് ആരാധകരും വെറും ഷോ എന്ന് ഹേറ്റേഴ്‌സും പറഞ്ഞ് രംഗത്തെത്തിയതോടെ ഈ ലോകകോടീശ്വരന്‍ പൊതുസമൂഹത്തിലെ എല്ലാ ചര്‍ച്ചകളിലും നിറഞ്ഞുനില്‍ക്കുകയാണ്. ഏറ്റവും വലിയ കോടീശ്വരനായ മസ്‌ക് തന്നെ ഉയര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ തന്റേതാക്കിയത് 43 ബില്യണ്‍ ഡോളര്‍ നല്‍കിയാണ്. 262 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ട്വിറ്ററിന്റെ പുതിയ യജമാനനായതോടെ ചര്‍ച്ചകളില്‍ സജീവമായ ഇലോണ്‍ മസ്‌ക് ഹീറോയോ സൂപ്പര്‍ ഹീറോയോ വെറും മനുഷ്യനോ കൊമേഡിയനോ എന്ന് കൃത്യമായി വേര്‍തിരിച്ച് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ അണ്‍പ്രഡിക്ടബിള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതം. (life story of elon musk)
1971 ല്‍ ദക്ഷിണാഫ്രിക്കയിലാണ് മസ്‌ക് ജനിച്ചത്. മറ്റുള്ളവരുടെ ജീവിതം നരകതുല്യമാക്കുന്നതില്‍ വിദഗ്ധനെന്ന് മസ്‌ക് തന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള മസ്‌കിന്റെ അച്ഛന്‍ ഒരു എഞ്ചിനീയറായിരുന്നു. പ്രമുഖ ഡയറ്റീഷ്യനും മോഡലുമായ മെയാണ് മസ്‌കിന്റെ അമ്മ. അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് പല അഭിമുഖങ്ങളിലും മസ്‌ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. വിഡിയോ ഗെയിമിംഗിലും കമ്പ്യൂട്ടറുകളിലും മസ്‌കിനുള്ള കമ്പം കുട്ടിക്കാലം മുതല്‍ തന്നെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനോടെല്ലാമുള്ള താല്‍പര്യം അധിനിവേശവും ഉന്മാദവും ആയിത്തുടങ്ങിയപ്പോള്‍ സമപ്രായക്കാര്‍ മസ്‌കിനെ കളിയാക്കാനും ഒറ്റപ്പെടുത്താനും ആവുമ്പോഴെല്ലാം ശ്രമിച്ചിരുന്നു.
സഹോദരനുമായിച്ചേര്‍ന്ന് 1995ല്‍ മസ്‌ക് ആരംഭിച്ച Zip2 nd] ല്‍ നിന്നാണ് മസ്‌കിന്റെ ഭാഗ്യം തെളിയുന്നത്. പത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ സിറ്റി ഗൈഡ് സോഫ്‌റ്റ്വെയര്‍ നല്‍കുക എന്നതായിരുന്നു ബിസിനസ്. 1999-ല്‍ മസ്‌ക് പിന്നീട് X.com എന്ന ഓണ്‍ലൈന്‍ ബാങ്കിംഗ് കമ്പനി ആരംഭിച്ചു. ഒരു വര്‍ഷത്തിനുശേഷം, X.com പീറ്റര്‍ തീല്‍ സ്ഥാപിച്ച സാമ്പത്തിക സ്റ്റാര്‍ട്ടപ്പ് കോണ്‍ഫിനിറ്റിയുമായി ലയിക്കുകയും പേപാല്‍ രൂപീകരിക്കുകയും ചെയ്തു. പിന്നീട് പേപാലിന്റെ സിഇഒ ആയി മസ്‌കിനെ തിരഞ്ഞെടുത്തു, പക്ഷേ അത് അധികനാള്‍ നീണ്ടുനിന്നില്ല. ബ്രാന്‍ഡിംഗിലും മൈക്രോ മാനേജിംഗിലും നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ശേഷം, 2000-ല്‍ പേപാലില്‍ നിന്ന് മസ്‌കിനെ പുറത്താക്കി. അക്കാലം മുതല്‍ തന്നെ ആഡംബര കാറുകളോടും മറ്റുമുള്ള മസ്‌കിന്റെ കമ്പം ശ്രദ്ധ നേടിയിരുന്നു.
മസ്‌കിന്റെ ചിന്തകളുടെയും സങ്കല്‍പ്പങ്ങളുടേയും യഥാര്‍ഥ വലുപ്പം ലോകം കണ്ടത് 2002ല്‍ സ്‌പേസ് എക്‌സ് ആരംഭിക്കുന്നതോടെയാണ്. ആര്‍ക്കും കിറുക്കന്‍ ഐഡിയ എന്ന് കേള്‍ക്കുന്ന മാത്രയില്‍ തോന്നുന്ന ഡ്രാഗണ്‍ സ്‌പേസ് ക്യാപ്‌സൂള്‍ മസ്‌ക് നിര്‍മിക്കാന്‍ തുടങ്ങുന്നത് 2004ലാണ്. മസ്‌കിന് ആകാശമൊന്നും ഒരു പരിധിയേയല്ലെന്ന് പിന്നീട് കാലം തെളിയിച്ചു.
ഭൂമിയില്‍ നിന്ന് ആളുകളെ ബഹിരാകാശത്തെത്തിക്കാനും അവിടുന്ന് തിരിച്ച് ഭൂമിയിലെത്താനും പിന്നെയും പോകാനും കഴിഞ്ഞ ബഹിരാകാശ ടാക്‌സികളെക്കുറിച്ച് ഭൂമിയിലാരും ചിന്തിക്കാത്ത കാലത്താണ് മസ്‌ക് ഇതിനായി സ്‌പേസ് എക്‌സ് പോലൊരു കമ്പനി സ്ഥാപിക്കുന്നത്. ചൊവ്വയെ ഭൂമിയുടെ കോളനിയാക്കുമെന്ന തരത്തില്‍ ഒരു സാധാരണക്കാരന്റെ ചിന്താമണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള സ്വപ്‌നങ്ങളാണ് മസ്‌കിനുണ്ടായിരുന്നത്.
Read Also : സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം; എന്തെല്ലാം ശ്രദ്ധിക്കാം….
2010ല്‍ മസ്‌കിന്റെ സ്‌പേസ് ക്രാഫ്റ്റ് ഓര്‍ബിറ്റില്‍ നിന്നും വിജയകരമായി വീണ്ടെടുത്ത ആദ്യ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച സ്‌പേസ്‌ക്രാഫ്റ്റായി. ആകാശത്തിനായി മാത്രമല്ല ഭൂമിക്ക് വേണ്ടിയും മസ്‌കിന് പദ്ധതികളുണ്ടായിരുന്നു.
2004-ല്‍ മസ്‌ക് ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല ആരംഭിച്ചു. പിന്നീട് അദ്ദേഹം ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാറായ റോഡ്സ്റ്റര്‍ വികസിപ്പിക്കാന്‍ ഊര്‍ജം ചെലവഴിച്ചു. ഇതിനിടയില്‍ ഊര്‍ജസംരക്ഷണത്തിനായി സോളാര്‍ സിറ്റി എന്ന ഒരു കമ്പനിക്ക് കൂടി മസ്‌ക് രൂപം നല്‍കി.
എന്നാല്‍ മസ്‌കിന്റെ കമ്പനികള്‍ ആകാശത്തും ഭൂമിയിലും തുടക്കം മുതല്‍ തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയായിരുന്നില്ല. സ്പേസ് എക്സോ ടെസ്ലയോ സോളാര്‍സിറ്റിയോ നന്നായി പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല മസ്‌കിന്റെ കുറേ പണം പോകുകയും ചെയ്തു. അതിജീവനത്തിനായി വായ്പയെടുത്താണ് മസ്‌ക് പിന്നീട് ജീവിച്ചത്.
എന്നാല്‍ 2008 ഡിസംബറോടെ, ബഹിരാകാശത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് നാസയുമായി 1.5 ബില്യണ്‍ ഡോളര്‍ കരാര്‍ സ്‌പേസ് എക്‌സ് നേടി. ഇത് ക്ലിക്കായതോടെ ടെസ്ലയും കൂടുതല്‍ വിദേശ നിക്ഷേപകരെ സുരക്ഷിതമാക്കി. 2010-ല്‍ ടെസ്ല 226 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. പിന്നീടങ്ങോട്ട് മസ്‌കിന് വച്ചടി വച്ചടി കയറ്റമായിരുന്നു.
Read Also : ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം; 44 ബില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചു
മസ്‌ക് വലിയ ഒരു വിവാദത്തില്‍പ്പെടുന്നത് 2018ലാണ്. 2018ല്‍ തായ്ലന്‍ഡിലെ ഒരു ഗുഹയില്‍ കുടുങ്ങിയ 12 ആണ്‍കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയും രക്ഷിക്കാന്‍ ഒരു അന്തര്‍വാഹിനി നിര്‍മ്മിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പിആര്‍ സ്റ്റണ്ടാണെന്ന് ഒരു ബ്രിട്ടീഷ് ഡൈവര്‍ പറഞ്ഞു. മറുപടിയായി, മസ്‌ക് ട്വിറ്ററില്‍ മുങ്ങല്‍ വിദഗ്ദ്ധനെ പീഡോ ഗൈ എന്ന് വിളിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് സ്വാഭാവികമായ പ്രതിരോധശേഷിയുണ്ടെന്നും ഭയപ്പെടേണ്ടെന്നും മസ്‌ക് യാതൊരു ശാസ്ത്രീയമായ വിവരത്തിന്റേയും പിന്‍ബലമില്ലാതെ പ്രസ്താവിച്ചതും വിവാദമായിരുന്നു. ആദ്യത്തെ കണ്‍മണിക്ക് X Æ A-Xii എന്ന് പേരിട്ടതോടെ കിറുക്കന്‍ എന്ന പേര് മസ്‌കിന് പലരും ചാര്‍ത്തിക്കൊടുത്തു.
മസ്‌ക് എന്ന പ്രതിഭാസത്തെ ഏതെങ്കിലും ഒറ്റവാക്കിലോ തിയറിയിലോ ഒതുക്കാനാകില്ല. കോമാളിയെന്നോ ലെജന്റെന്നോ പ്രതിഭയെന്നോ കിറുക്കനെന്നോ ഉള്ള ഒരു പേരുകളിലും മസ്‌കിന് താല്‍പ്പര്യവുമില്ലെന്ന് മസ്‌കിനെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. കോമാളിയായാലെന്ത് നല്ല ഇന്നോവേറ്റീവായ കോമാളിയാണല്ലോ എന്നും പ്രതിഭയാണെങ്കിലും സ്റ്റെലിഷും ക്രേസിയും കൂടിയാണല്ലോ താനെന്നും തന്റെ ജീവിതം കൊണ്ട് അക്ഷരാര്‍ഥത്തില്‍ ലോകത്തോട് വിളച്ചുപറയുകയാണ് ഇലോണ്‍ മസ്‌ക്.
Story Highlights: life story of elon musk

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here