‘സിൽവർലൈൻ ഭാവിയിൽ ഫീഡർ ലൈനായി മാറും’ : സുബോധ് ജെയിൻ

സിൽവർലൈൻ ഭാവിയിൽ ഫീഡർ ലൈനായി മാറുമെന്ന് മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിൻ പറഞ്ഞു. സിൽവർലൈൻ സംവാദത്തിൽ സംസാരിക്കവെയായിരുന്നു സുബോധ് ജെയിന്റെ പരാമർശം. ( silverline is for future says subodh jain )
സിൽവർലൈനിന് വേണ്ടിയെടുക്കുന്ന വായ്പയിൽ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിൻ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണ് സിൽവർലൈനെന്നും സുബോധ് ജെയിൻ ചൂണ്ടിക്കാട്ടി.
അതേസമയം, സിൽവർലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയിൽവേ വികസനവുമാണ് വേണ്ടതെന്നും ആർവിജി മേനോൻ പറഞ്ഞു.
കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആർവിജി മേനോൻ ചൂണ്ടിക്കാട്ടി. സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിലായിരുന്നു ആർവിജി മേനോന്റെ പരാമർശം. റെയിൽ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആർവിജി മേനോൻ പറഞ്ഞു.
ഇന്ത്യയിലെ ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിൻ എന്തുകൊണ്ട് പരിശോധിച്ചുകൂടയെന്ന് ആർവിജി മേനോൻ ചോദിച്ചു. ‘കേരളത്തിൽ വരുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ബ്രോഡ്‌ഗേജ് പോര സ്റ്റാൻഡേർഡ് ഗേജ് മതിയെന്ന് ആരാണ്, എങ്ങനെയാണ് തീരുമാനിക്കുന്നത് ? കൊല്ലം സ്‌റ്റേഷനെന്ന് പറഞ്ഞാൽ മുഖത്തലയിലാണ്. മുഖത്തലയിൽ വരുന്ന സ്റ്റേഷൻ വെള്ളക്കെട്ടിലാണ്. അവിടെ തോടൊഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് ഹ്രസ്വകാല പാരിസ്ഥിതികാഘാത പഠനത്തിൽ എഴുതിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം പണികഴിപ്പിക്കുമ്പോഴും സമാന പ്രശ്‌നമുണ്ടായിരുന്നു. അവിടെയും ഒരു തോട് ഒഴുകുന്നുണ്ടായിരുന്നു. ആ തോടിനെ അവഗണിച്ചാണ് വിമാനത്താവളം പണിതത്. അതുകൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വിമാനത്താവളം വെള്ളത്തിനടിയിലായത്’ ആർവിജി മേനോൻ പറയുന്നു.
Story Highlights: silverline is for future says subodh jain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here