Advertisement

നടിയെ ആക്രമിച്ച കേസ്; മൊഴിയെടുക്കലിന് പട്ടിക

April 29, 2022
Google News 1 minute Read

നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കലിന് പട്ടിക. കേസില്‍ 12 പേരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പ്രോസിക്യൂഷന്‍ സാക്ഷിയായി കൂടുതല്‍ പേര്‍ എത്തിയേക്കും. അതേസമയം, ദിലീപിന്റെ അഭിഭാഷകരോട് ബാര്‍ കൗണ്‍സില്‍ ഇന്ന് മറുപടി തേടി. അതിജീവിത നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പ് അതിജീവിത ബാര്‍ കൗണ്‍സിലിനു കൈമാറിയിട്ടുണ്ട്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണു അതിജീവിതയുടെ പരാതി. അഭിഭാഷകരായ ബി.രാമന്‍പിള്ള, ഫിലിപ് ടി.വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി ബാര്‍ കൗണ്‍സിലിന് നേരത്തേ പരാതി നല്‍കിയിരുന്നു. അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. നടിയുടെ പരാതിയില്‍ അഭിഭാഷകരോടു ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു.

കേസില്‍ കാവ്യ മാധവന്‍ അടക്കമുള്ളവരുടെ മൊഴി എടുക്കാന്‍ വൈകുന്നതും അന്വേഷണത്തെ ബാധിക്കുന്നതായാണ് വിലയിരുത്തല്‍. പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കേസിന്റെ തുടന്വേഷണത്തിന് ഇനി 1 മാസവും 3 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള നീക്കവും ക്രൈം ബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ബാലചന്ദ്രകുമാറിന് എതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പുതിയ മേധാവി കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കാത്തത് അന്വേഷണം വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. പല നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തണമെങ്കിലും മേധാവിയുടെ അനുവദികൂടി വാങ്ങേണ്ട സാഹചര്യം ഉണ്ടെന്നാണ് വിവരം. അതേ സമയം ഉടന്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ ശേഖരിച്ച മൊഴികളില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയവരെ കേസില്‍ സാക്ഷിയാക്കാനാണ് തീരുമാനം. വധഗൂഡാലോചന കേസില്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാക്കും.

Story Highlights: Case of assault on actress; List of statements

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here