Advertisement

ഇന്ത്യയിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ത് ? കൽക്കരി ക്ഷാമം എങ്ങനെ സംഭവിച്ചു ? [24 Explainer]

April 30, 2022
Google News 3 minutes Read
india power crisis coal shortage explained

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. 62.3 കോടി യൂണിറ്റിന്റെ വൈദ്യുതി ക്ഷാമമാണ് ഇന്ത്യ നേരിടുന്നത്. ഉത്തർപ്രദേശ്, ഡൽഹി,ഝാർഖണ്ഡ്,ജമ്മു കശ്മീർ, രാജസ്ഥാൻ ഹരിയാന, പഞ്ചാബ്, ഒഡിഷ,മഹാരാഷ്ട്ര,ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഏഴ് മണിക്കൂറോളം പവർ കട്ട് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ആശുപത്രികൾ, മെട്രോ തുടങ്ങിയവയുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന് ഡൽഹി സർക്കാർ ആശങ്കപ്പെടുന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അധിക വൈദ്യുതി വാങ്ങാനൊരുങ്ങുകയാണ് കേരളവും. കൽക്കരി ക്ഷാമമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 72 ശതമാനവും കൽക്കരി പ്ലാന്റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കൽക്കര പ്ലാന്റുകളിൽ 24 ദിവസത്തേക്കുള്ള സ്റ്റോക്കുകൾ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ നിലവിൽ വിരലിലെണ്ണാവുന്ന ദിവസത്തേക്കുള്ള കൽക്കരി മാത്രമേ പ്ലാന്റുകളിൽ അവശേഷിക്കുന്നുള്ളു. പ്ലാന്റുകളിലേക്ക് കൽക്കരി എത്തിക്കാൻ 753 പാസഞ്ചർ ട്രെയിനുകൾ വരെ റദ്ദാക്കി റെയിൽപാതയെല്ലാം കൽക്കരിയുടെ ചരക്ക് നീക്കത്തിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ഇന്ത്യ ഇരുട്ടിലേക്ക് പതിയെ അടുക്കുമ്പോൾ നാം അറിയണം ഈ ക്ഷാമത്തിന് പിന്നിലെ കാരണത്തെ കുറിച്ച്. ഇന്ത്യയിലെ ഊർജ പ്രതിസന്ധിയെ കുറിച്ച് അറിയാം 24 Explainer ലൂടെ.. ( india power crisis coal shortage explained )

ഇന്ത്യയിലെ കൽക്കരി…

രാജ്യത്ത് കൽക്കരി ക്ഷാമം അതിരൂക്ഷമാണ്. 66.33 മില്യൺ ടൺ കൽക്കരി വേണ്ടയിടത്ത് നിലവിലുള്ളത് 21.55 മില്യൺ ടൺ കൽക്കരി മാത്രമാണ്. 2014 ന് ശേഷം ഏറ്റവും താഴ്ന്ന സ്റ്റോക്കാണ് ഇത്. രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വ്യക്തമാക്കുന്നു. 56 നിലയങ്ങളിൽ 10% പോലും കൽക്കരി ശേഖരമില്ല. 26 എണ്ണത്തിൽ സ്റ്റോക്ക് 5 ശതമാനത്തിലും താഴെയാണ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന 88 നിലയങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്ന 12 നിലയങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

Read Also : രാജ്യത്ത് ഊർജപ്രതിസന്ധി അതിരൂക്ഷം

ഇതിന് പുറമെ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൽക്കരി വില കുത്തനെ ഉയർന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 35% അധികമാണ് 2022-23 സാമ്പത്തിക വർഷത്തെ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില. അഭ്യന്തര വിപണിയിൽ കൽക്കരി വിതരണം ഉറപ്പാക്കാൻ കൽക്കരി വ്യവസായികൾ മാർച്ചിൽ 300 ശതമാനം വരെ വില നൽകിയിരുന്നു.

കൽക്കരി ക്ഷാമത്തിന് കാരണം..

നിലവിൽ വൈദ്യുതി ഉപഭോഗം കൂടിയതാണ് കൽക്കരി ക്ഷാമത്തിലേക്ക് വഴിവച്ചത്. ചൂട് കൂടുതലുള്ള ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ രാജ്യത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ എല്ലാവർഷവും ഈ സമയത്ത് കൽക്കരി പ്രതിസന്ധികൾ ഉടലെടുക്കാറുണ്ട്. പക്ഷേ ഈ വർഷം ആഗോള വിപണിയിൽ കൽക്കരിയുടെ വില കുത്തനെ ഉയർന്നതും, കൽക്കരി വിതരണത്തിലെ അപാകതയും, കഴിഞ്ഞ ഒൻപത് വർഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗവും കൂടിചേർന്ന് പ്രതിസന്ധി മൂന്ന് മടങ്ങാക്കി വർധിപ്പിച്ചു. രാജ്യത്തിന് വേണ്ട അളവ് വൈദ്യുതിയിൽ നിന്ന് 62.3കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് നിലവിൽ ഉള്ളത്.

ക്ഷാമം മറികടക്കാൻ…

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് കൽക്കരി ഇറക്കുമതിയിൽ പ്രതിസന്ധിയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് കേന്ദ്ര സർക്കാർ.

500 ലേറെ റേക്ക് കൽക്കരി ഓരോ ദിവസവും താപനിലയങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ 29ന് 533 റേക്ക് കൽക്കരി എത്തിച്ചിരുന്നതായി റെയിൽവേ വ്യക്തമാക്കി. ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് കുറവ് വരുത്തിയ വൈദ്യുതി നല്കാൻ ഉത്പ്പാദകർക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ നിലവിലുള്ള സാഹചര്യം ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു കഴിഞ്ഞു. പ്രശ്‌നം നേരിടാൻ റെയിൽ മാർഗത്തിൽ 400വാഗണിലായി കൽക്കരി എത്തിക്കാനാണ് കേന്ദ്രം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനുള്ള വാഗൺ കൈവശമില്ലാ എന്നതാണ് പ്രധാന പ്രശ്‌നം. ഉടൻ ഈ പ്രതിസന്ധി മറികടക്കാനാകും എന്ന് കേന്ദ്രസർക്കാർ വ്യത്തങ്ങൾ വിശദീകരിച്ചു.

ഖനികളിലെ കൽക്കരി ഉത്പാദനം വർധിപ്പിച്ചതായി കോൾ ഇന്ത്യ ലിമിറ്റഡും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യം മുതൽ തന്നെ കൽക്കരി ഉത്പാദനത്തിൽ 27% വളർച്ച കൈവരിച്ചുവെന്നും മെയ് 31 ഓടെ 8.75 മെട്രിക് ടൺ കൽക്കരി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുമെന്നും സിഐഎൽ അറിയിച്ചു.

Story Highlights: india power crisis coal shortage explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here