പഞ്ചാബ് കിംഗ്സിനെ തകർത്ത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ തകർത്ത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഒമ്പത് കളികളില്‍ 12 പോയന്‍റാണ് ലഖ്നൗവിനുള്ളത്. സ്കോര്‍; ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 153-8, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 133-8.
പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് 4.4 ഓവറില്‍ 35 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ മായങ്ക്(17 പന്തില്‍ 25) പുറത്തായതോടെ പഞ്ചാബിന്‍റെ തകർച്ച ആരംഭിച്ചു. പിന്നാലെ ശിഖര്‍ ധവാനും (5) ഭാനുക രജപക്സെയെയും (9) മടങ്ങിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി.
Read Also : ഐപിഎല്ലിൽ 6000 റൺസ് തികച്ച് ധവാൻ; ചെന്നൈയ്ക്ക് 188 റൺസ് വിജയലക്ഷ്യം
മികച്ച ഫോമിലുള്ള ലിവിംഗ്‌സ്റ്റണെ (16 പന്തില്‍ 18) മടക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. പൊരുതി നിന്ന ബെയര്‍സ്റ്റോ (28 പന്തില്‍ 32) ചമീരക്ക് മുമ്പില്‍ വീണു. പിന്നാലെ ജിതേഷ് ശര്‍മയും(2) കാഗിസോ റബാഡയും(2) രാഹുല്‍ ചാഹറും(4) കൂടി മടങ്ങിയതോടെ പഞ്ചാബ് തോൽവിയുറപ്പിച്ചു. റിഷി ധവാന്‍ (21) നടത്തിയ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. 46 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കും 34 റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് ലഖ്നൗവിനായി പൊരുതിയത്.
Story Highlights: Lucknow Super Giants beat Punjab Kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here