ഡ്രഡ്ജർ ഇടപാട്: ജേക്കബ് തോമസിന് സുപ്രിംകോടതി നോട്ടിസ്
ഡ്രഡ്ജർ ഇടപാടിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് സുപ്രിംകോടതി നോട്ടിസ്. കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നോട്ടിസ്. സത്യൻ നരവൂരിന്റെ സ്വകാര്യ ഹർജിക്കൊപ്പം സർക്കാരിന്റേയും അപ്പീൽ പരിഗണിക്കും.
ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നോട്ടിസ് നൽകിയത്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അന്വേഷണം പൂർത്തിയാക്കാൻ പോലും അനുവദിക്കാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോർട്ട് ഡയറക്ടർ ആയിരിക്കെ, ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്‌തെന്നാണ് വിജിലൻസ് ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here