പുടിനെ കാണാൻ സന്നദ്ധത അറിയിച്ചു; മറുപടി ലഭിക്കുന്നില്ലെന്ന് മാർപാപ്പ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ അധിനിവേശത്തിന് പുടിൻ ഉത്തരവിട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് താൻ റഷ്യൻ പ്രസിഡന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് മാർപാപ്പ പറഞ്ഞു.
ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറയ്ക്ക്’ നൽകിയ അഭിമുഖത്തിലാണ് പോപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധിനിവേശത്തിൻ്റെ 20 ആം ദിനം കർദിനാൾ പിയട്രോ പരോളിൻ മുഖേന മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റിനെ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. പുടിൻ അവസരങ്ങളുടെ വാതിലുകൾ തുറക്കേണ്ടത് ആവശ്യമാണെന്നും മാർപാപ്പ വ്യക്തമാക്കി.
“ഞാൻ ഇപ്പോൾ കീവിലേക്ക് പോകുന്നില്ല… എനിക്ക് ആദ്യം മോസ്കോയിലേക്ക് പോകണം, പുടിനെ കാണണം.” – മാർപ്പാപ്പ വ്യക്തമാക്കി. തങ്ങൾ സമ്മർദം തുടരുകയാണ്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ കിറിൽ പാത്രിയാർക്കീസുമായും സംസാരിച്ചതായി മാർപാപ്പ കൂട്ടിച്ചേർത്തു. പാത്രിയാർക്കീസ് കിറിലുമായി മാർച്ചിൽ നടത്തിയ സംഭാഷണവും ഫ്രാൻസിസ് വെളിപ്പെടുത്തി.
“കൈയിലെ കടലാസ്സിൽ നോക്കി യുദ്ധ ന്യായീകരണങ്ങൾ പാത്രിയാർക്കീസ് വായിച്ചു. എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല സഹോദരാ… എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ ഭരണകൂടത്തിന്റെ പുരോഹിതന്മാരല്ല, ഞങ്ങൾക്ക് രാഷ്ട്രീയത്തിന്റെ ഭാഷ ഉപയോഗിക്കാൻ കഴിയില്ല, നമുക്ക് സമാധാനത്തിന്റെ പാതകൾ കണ്ടെത്തേണ്ടതുണ്ട്, ആയുധങ്ങൾ താഴെവക്കാൻ ആവശ്യപ്പെടണം” – മാർപ്പാപ്പ കൂട്ടിച്ചേർത്തു.
Story Highlights: Pope Francis offers to meet Putin to try to end Ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here