Advertisement

അഭിമന്യുവിൻ്റെ പേരിൽ കേരളത്തിലെ മികച്ച കോളജ് യൂണിയനുകൾക്ക് അവാർഡ്

May 5, 2022
3 minutes Read

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായിരിക്കേ കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ പേരിൽ കേരളത്തിലെ മികച്ച കോളജ് യൂണിയനുകൾക്കായി എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അഭിമന്യു അവാർഡ് ഈ വർഷം മുതൽ സമ്മാനിക്കും. എല്ലാ വർഷത്തേയും സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് അവാർഡ് പ്രഖ്യാപനം നടക്കുക. ഓരോ വർഷവും അവാർഡ് നിശ്ചയിക്കുന്നതിന് പ്രത്യേക ജൂറി കമ്മിറ്റിയെ സംഘടന നിശ്ചയിക്കും. പ്രൊഫ. കെ. സച്ചിദാനന്ദൻ ( ചെയർപേഴ്സൺ ), ഇ.പി രാജഗോപാലൻ, ഡോ. പി.എസ് ശ്രീകല എന്നിവരാണ് ഈ വർഷത്തെ അവാർഡ് നിർണയസമിതി. മെച്ചപ്പെട്ട റിപ്പോർട്ട് നൽകുന്ന പത്ത് യൂണിയനുകളുടെ പ്രതിനിധികളുമായി അവാർഡ് നിർണയസമിതി നേരിട്ടോ ഓൺലൈൻ ആയോ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക.

കോളജ് യൂണിയനുകൾ സാമ്പ്രദായിക രീതികളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ, സമകാലീന വിഷയങ്ങളോട് പുലർത്തുന്ന ആഭിമുഖ്യം, ഏറ്റെടുത്ത സവിശേഷമായ മറ്റ് പദ്ധതികളുടെ നിർവ്വഹണം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിധി നിർണയം. ഭരണഘടനാമൂല്യങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം, പൗരസ്വാതന്ത്ര്യം, ലിംഗനീതി, വിമർശനാത്മക രീതി, ശാസ്ത്രാവബോധം, സാമൂഹ്യനീതി, പാരിസ്ഥിതിക അവബോധം, ദളിത് പക്ഷ സമീപനം, പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള സമീപനം തുടങ്ങിയ മേഖലകളിൽ ഊന്നിയ കലാലയ പ്രവർത്തനങ്ങൾ, കലാ-സാഹിത്യ- സർഗാത്മക പ്രവർത്തനങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, കലോത്സവ പങ്കാളിത്തം – സംഘാടനം, സെമിനാറുകൾ, സംവാദ സദസ്സുകൾ എന്നിവ വിധിനിർണയത്തിൽ പ്രധാനമായും പരിഗണിക്കും.

സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് കോളജുകൾ, സർവ്വകലാശാലാ പഠന വിഭാഗങ്ങളിലെ യൂണിയനുകൾ എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാം. സർവ്വകലാശാലാ യൂണിയനുകളെ അവാർഡിന് പരിഗണിക്കുന്നതല്ല. സർവ്വകലാശാലകൾ വിജ്ഞാപനം ചെയ്തത് പ്രകാരം കോളജുകളിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള കാലയളവിലെ പ്രവർത്തനങ്ങൾ മാത്രമേ റിപ്പോർട്ടിൽ ചേർക്കാവൂ. എ കെ പി സി ടി എ വെബ് സൈറ്റ് www.akpcta.org യിൽ ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2022 മെയ് 10 വരെ വെബ്സൈറ്റ് വഴി കോളജ് യൂണിയൻ റിപ്പോർട്ട് സമർപ്പിക്കാവുന്നതാണ്.

Read Also : അഭിമന്യുവിന്റെ സ്മാരക മന്ദിരം പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലാകുന്നു

കോളജിന്റെ പേര്, യൂണിയൻ ഭാരവാഹികളുടെ പേര്, സ്റ്റാഫ് അഡ്വൈസർമാരുടെ വിവരങ്ങൾ, യൂണിയൻ ഉദ്ഘാടനം മുതൽ ഇങ്ങോട്ടേക്ക് നടന്ന വിവിധ പ്രവർത്തനങ്ങളുടെ പോസ്റ്റർ, മലയാളത്തിൽ തയ്യാറാക്കിയ ഹ്രസ്വറിപ്പോർട്ടുകൾ, അവയുടെ ഫോട്ടോകൾ, നോട്ടീസുകൾ, പത്ര കട്ടിങ്ങുകൾ, മറ്റ് വിവരങ്ങൾ, പ്രിൻസിപ്പൽ / സീനിയർ അധ്യാപകർ / സ്റ്റാഫ് അഡ്വൈസർ എന്നിവരിൽ ആരെങ്കിലും ഒരാളുടെ സാക്ഷ്യപ്പെടുത്തൽ പേജ് തുടങ്ങിയവ അടങ്ങിയ ഒരു റിപ്പോർട്ട് പി ഡി എഫ് രേഖയായി വേണം വെബ്സൈറ്റ് വഴി അപ്പ്ലോഡ് ചെയ്യാൻ. പേജുകളുടെ എണ്ണം സംബന്ധിച്ച് പ്രത്യേകനിബന്ധന ഇല്ല.

2022 മെയ് 19 ന് എറണാകുളം ടൗൺഹാളിൽ എ കെ പി സി ടി എ 64-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ വെച്ച് വിജയികൾക്ക് ചിത്രകാരനും ശിൽപിയും ആയ ഉണ്ണി കാനായി രൂപകൽപന ചെയ്ത എവർ റോളിങ് ട്രോഫിയും, സ്ഥിരം ട്രോഫിയും പ്രശംസിപത്രവും സമ്മാനിക്കും.

Story Highlights: Award to the best college unions in Kerala in the name of Abhimanyu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement