‘രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകൂ’; ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ കനേരിയക്കെതിരെ പാകിസ്താനിൽ സൈബർ ആക്രമണം

ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ പാകിസ്താൻ്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയക്കെതിരെ പാകിസ്താനിൽ സൈബർ ആക്രമണം. ഷാഹിദ് അഫ്രീദിയെ വിമർശിച്ച് കുറിച്ച ട്വീറ്റിലാണ് ഇന്ത്യ ശത്രു അല്ലെന്ന് കനേരിയ വ്യക്തമാക്കിയത്. മതത്തിന്റെ പേരിൽ ആളുകളെ മോശം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരാണ് ശത്രുക്കൾ. നിർബന്ധിത മതം മാറ്റത്തെ എതിർത്തപ്പോൾ തൻ്റെ കരിയർ തകർക്കുമെന്ന് അഫ്രീദി ഭീഷണിപ്പെടുത്തിയതായും കനേരിയ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അഫ്രീദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കനേരിയ രംഗത്തെത്തിയിരുന്നു. അഫ്രീദി നുണയനാണ്. വ്യക്തിത്വമില്ലാത്ത ആളാണ്. താൻ ഹിന്ദു ആയതിനാൽ അഫ്രീദി തന്നെ പലപ്പോഴും അപമാനിച്ചിരുന്നു. തന്നെ ടീമിൽ ഉൾപ്പെടുത്താൻ അഫ്രീദി ആഗ്രഹിച്ചിരുന്നില്ല എന്നും കനേരിയ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഈ ആരോപണങ്ങൾക്ക് അഫ്രീദി കഴിഞ്ഞ ദിവസം മറുപടി നൽകി.
പണത്തിനു വേണ്ടിയും തന്നെ അപമാനിക്കാൻ വേണ്ടിയുമാണ് കനേരിയ ഈ ആരോപണങ്ങളൊക്കെ ഉയർത്തിയതെന്ന് അഫ്രീദി പറഞ്ഞു. കനേരിയ തൻ്റെ അനിയനെപ്പോലെയാണ്. ഒരുപാട് വർഷങ്ങളിൽ തങ്ങൾ ഒരുമിച്ച് കളിച്ചു. തൻ്റെ പെരുമാറ്റം മോശമാണെന്ന് തോന്നിയെങ്കിൽ എന്തുകൊണ്ട് കനേരിയ അന്ന് പരാതി നൽകിയില്ല? മതവികാരം ഉണർത്താനായാണ് തങ്ങളുടെ ശത്രുരാജ്യത്തിന് കനേരിയ അഭിമുഖങ്ങൾ നൽകുന്നത് എന്നും അഫ്രീദി മറുപടി നൽകി. ഈ ന്യൂസ് ലിങ്ക് പങ്കുവച്ചാണ് കനേരിയ ട്വിറ്ററിൽ അഫ്രീദിക്കെതിരെ രംഗത്തുവന്നത്. ഇതിനു പിന്നാലെ കനേരിയക്കെതിരെ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു.
Story Highlights: danish kaneria shahid afridi cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here