Advertisement

പാണമ്പ്രയിൽ നടുറോഡിലെ മർദനം; യുവതികൾ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും

May 11, 2022
Google News 1 minute Read

മലപ്പുറം പാണമ്പ്രയിൽ യുവതികളെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾ വെളളിയാഴ്ച്ച ജില്ലാ കളക്ടറെയും, ജില്ലാ പൊലീസ് മേധാവിയെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കും. കേസ് അന്വേഷിക്കുന്ന തേഞ്ഞിപ്പലം പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന സമീപനം തുടരുന്ന സാഹചര്യത്തിലാണ് യുവതികൾ പരാതിയുമായി കളക്ടറെ നേരിട്ട് സമീപിക്കുന്നത്. യുവതികൾക്ക് മർദ്ദനമേറ്റിട്ട് 25 ദിവസം പിന്നിടുകയാണ്.

പട്ടാപ്പകൽ, നടുറോഡിൽ ആളുകൾ നോക്കി നിൽക്കെ രണ്ട് പെൺകുട്ടികളെ മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ട് ഇന്നേക്ക് 25 ദിവസം. കേസ് അന്വേഷിക്കുന്ന തേഞ്ഞിപ്പലം പൊലീസ് തുടക്കം മുതൽ നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾക്ക് അനുകൂലമായാണ് പ്രവർത്തിച്ചത്. അതിനാൽ പ്രതി സിഎച്ച് ഇബ്രാഹിം ഷബീറിൻ്റെ അറസ്റ്റ് ഒഴിവാക്കി മെയ് 19 വരെ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയെടുക്കാനുള്ള സമയം ഉദ്യോഗസ്ഥർ ഒരുക്കി കൊടുത്തു. ഇതോടെ പ്രതിയായ ഇയാൾ പൂർണ സുരക്ഷിതനായി. എന്നാൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും പരാതിക്കാരായ പെൺകുട്ടികൾ ഇപ്പോഴും നീതി തേടി അലയുകയാണ്.

ഈ വെള്ളിയാഴ്ച്ച സഹോദരിമാർ നാട്ടൊരുമ പൗരാവകാശ സമിതി കേരളയുടെ സഹായത്തോടെ ജില്ലാ കളക്ടറെയും, ജില്ലാ പൊലീസ് മേധാവിയെയും നേരിട്ട് കണ്ട് പരാതി നൽകും. പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്. അതിനിടെ അടുത്ത ദിവസം സൈബർ കേസിൽ പെൺകുട്ടികൾ മജിസ്ട്രേറ്റ് മുമ്പാകെ മൊഴിനൽകും. പ്രതിയുടെ മൊബൈൽ ഫോൺ പരപ്പനങ്ങാടി പോലീസ് പിടിച്ചെടുക്കും. എന്നാൽ, കേസിലെ പ്രധാന ദൃക്സാക്ഷിയായ വിഡിയോ ചിത്രീകരിച്ച യുവാവിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Story Highlights: ladies beaten up malappuram update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here