പൊരുതിത്തോറ്റ് ചെന്നൈ; മുംബൈയ്ക്ക് 5 വിക്കറ്റ് വിജയം

എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിന് ജയം. 5 വിക്കറ്റിനാണ് മുംബൈയുടെ ജയം. ചെന്നൈ മുന്നോട്ടുവച്ച 98 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 34 റൺസെടുത്ത് പുറത്താവാതെ നിന്ന തിലക് വർമ മുംബൈയുടെ ടോപ്പ് സ്കോററായി. മുകേഷ് ചൗധരി ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ ചെന്നൈ ഔദ്യോഗികമായി ഐപിഎൽ പ്ലേഓഫിൽ നിന്ന് പുറത്തായി.
98 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കും നല്ല തുടക്കമല്ല ലഭിച്ചത്. ഇഷൻ കിഷൻ (6) ആദ്യ ഓവറിൽ തന്നെ മടങ്ങി. താരത്തെ മുകേഷ് ചൗധരിയുടെ പന്തിൽ ധോണി പിടികൂടി. മൂന്നാം നമ്പറിൽ ഡാനിയൽ സാംസ് ആണ് ഇറങ്ങിയത്. സാംസും രോഹിതും ചേർന്ന് രണ്ടാം വിക്കറ്റിൽ 24 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. രോഹിതിനെ (18) മടക്കിയ സിമർജീത് സിംഗ് ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിതിനെയും ധോണി പിടികൂടുകയായിരുന്നു. ഡാനിയൽ സാംസും (1) ട്രിസ്റ്റൻ സ്റ്റബ്സും മുകേഷ് ചൗധരിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
അഞ്ചാം വിക്കറ്റിൽ ഋതിക് ഷൊകീനും തിലക് വർമയും ഒത്തുചേർന്നു. ഫലപ്രദമായി ചെന്നൈ ബൗളിംഗിനെ നേരിട്ട സഖ്യം സാവധാനം മുന്നോട്ടുപോയി. 48 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ഷൊകീൻ (18) മടങ്ങി. മൊയീൻ അലിയെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമത്തിനിടെ ഷൊകീൻ ബൗൾഡായി. തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡ് മൊയീൻ അലിക്കെതിരെ രണ്ട് സിക്സർ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. ടിം ഡേവിഡ് (16) നോട്ടൗട്ടാണ്.
Story Highlights: mumbai indians won chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here