Advertisement

പെരുംമഴയിലും ചോരാതെ പ്രചാരണച്ചൂട്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ലോക്കല്‍ കമ്മിറ്റി യോഗം തുടരും

May 15, 2022
Google News 3 minutes Read
Campaign heat thrikkakara

പെരുംമഴയിലും തോരാത്ത പ്രചാരണ ചൂടിലാണ് തൃക്കാക്കര. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇന്നും ശക്തമായ പ്രചാരണമാണ് മുന്നണികള്‍ തൃക്കക്കരയില്‍ നയിക്കുന്നത്. ഇടതുക്യാമ്പിന് ആത്മ വിശ്വാസം നല്‍കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ പങ്കെടുത്ത് കൊണ്ട് ലോക്കല്‍ കമ്മിറ്റികള്‍ ചേരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത്തരത്തില്‍ അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കുടുംബയോഗങ്ങളിലും എല്‍ഡിഎഫ് കണ്‍വെന്‍ഷനുകളിലും പങ്കെടുക്കാന്‍ വിവിധ മന്ത്രിമാരും തൃക്കാക്കരയില്‍ തുടരുന്നുണ്ട്. 60 എംഎല്‍എമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട് ( Campaign heat thrikkakara ).

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് ലോക്കല്‍ കമ്മിറ്റുകളുടെ മേല്‍നോട്ട ചുമതല. ഓരോ കമ്മിറ്റികള്‍ക്ക് കീഴിലും അഞ്ച് എംഎല്‍എമാര്‍ കൂടിയുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് ചേരുന്ന യോഗങ്ങളില്‍ എംഎല്‍എമാര്‍ പങ്കെടുക്കും. താര എംഎല്‍എമാര്‍ പൊതുവായി വേറെയും പ്രചാരണത്തിനുണ്ട്.

സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാരിനും വിജയം അഭിമാന പ്രശ്‌നമാണ്. തൃക്കാക്കരയില്‍ വിജയിച്ച് സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യം തന്നെയാണ് നേരിട്ട് കളത്തിലിറങ്ങാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയപ്പോള്‍ വലിയ ആവേശകരമായിരുന്നു ഇടത് ക്യാമ്പുകളില്‍ കണ്ടത്. ഈ ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം.

എന്നാല്‍ യുഡിഎഫ് ആകട്ടെ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടുക്കുകയാണ്. നാളെ മണ്ഡലം പര്യേടനം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വിശിഷ്ടാര അതിഥികളെ കൊണ്ട് വന്ന് മണ്ഡലത്തിലെ പ്രചാരണം ഞെട്ടിക്കാനാണ് എന്‍ഡിഎ ക്യാമ്പിന്റെ തീരുമാനം. ഇതിനായി കേന്ദ്ര നേതാക്കളെത്തുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ഇല്ലെങ്കില്‍ സംസ്ഥാനത്തെ തന്നെ താര പ്രചാകരെ ഇറക്കി കളം നിറയുന്നതിനും എന്‍ഡിഎ പദ്ധതിയിടുന്നുണ്ട്.

Read Also: മുന്നണി സാധ്യത തേടി അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍; ആംആദ്മി ട്വന്റി ട്വന്റി സഖ്യപ്രഖ്യാപനം ഇന്ന്

അതേസമയം, കേരളത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊച്ചിയിലെത്തി. ആംആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കിഴക്കമ്പലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയില്‍ എത്തിയ കെജ്രിവാളുമായി സാബു ജേക്കബ് ചര്‍ച്ച നടത്തി.

കൊച്ചിയില്‍ ആംആദ്മി നേതാക്കളുമായി രാവിലെ കെജ്രിവാള്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കെജ്രിവാളിന് മുന്നില്‍ നേതാക്കള്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ കെജ്രിവാളിന്റെ നിലപാട് അന്തിമമാകും. വൈകീട്ട് കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും കെജ്രിവാള്‍ സന്ദര്‍ശിക്കും. 5 മണിക്ക് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയില്‍ കെജ്രിവാള്‍ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തില്‍ കെജ്രിവാള്‍ ദില്ലിക്ക് മടങ്ങും.

ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.

തൃക്കാക്കരയില്‍ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ. ഇതിന് യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് നല്‍കുന്നത്. പഴയ വൈരം വിട്ട കോണ്‍ഗ്രസ് ഇരുകയ്യും നീട്ടി ട്വന്റി 20 യെ സ്വാഗതം ചെയ്തു കഴിഞ്ഞു. സമീപകാലത്തെ എതിര്‍പ്പുകള്‍ മാറ്റി സാബുവിനെ പിണക്കാന്‍ സിപിഐഎമ്മും തയ്യാറല്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കുന്ന പരസ്യനിലപാട് സഖ്യം പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന. തൃക്കാക്കരക്ക് ശേഷവും സഖ്യം തുടരുന്നതില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മത്സരിക്കാത്തതില്‍ ആംആദ്മി ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.

Story Highlights: Campaign heat without bleeding in torrential rains; The meeting of the local committee headed by the Chief Minister will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here