‘എന്റെ കേരളം’ പ്രദർശനത്തിന്റെ സമാപന സമ്മേളനത്തിൽ നിന്ന് സിപിഐ വിട്ടുനിന്നു

പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം പ്രദർശനത്തിൻ്റെ സമാപന സമ്മേളനത്തിൽ നിന്ന് സിപിഐ വിട്ടു നിന്നു. ഡെപ്യൂട്ടി സ്പീക്കറും, മന്ത്രി വീണാ ജോർജുമായുള്ള തർക്കത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പിന്തുണ കൊടുത്തുകൊണ്ടാണ് സിപിഐ യോഗം ബഹിഷ്ക്കരിച്ചത്. വിഷയത്തിൽ സിപിഐഎം – സിപിഐ തർക്കവും ജില്ലയിൽ രൂക്ഷമാവുകയാണ്. അതേസമയം, ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല എന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ മറുപടി.
എന്റെ കേരളം പ്രദർശനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ തന്നെ മന്ത്രി ക്ഷണിച്ചില്ല എന്ന പരാതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരസ്യമായി ഉന്നയിച്ചതോടെയാണ് ആരോഗ്യമന്ത്രിയും, ഡെപ്യൂട്ടി സ്പീക്കറുമായുള്ള തർക്കം പുറത്ത് വന്നത്. ഡെപ്യൂട്ടി സ്പീക്കറും, മന്ത്രി വീണാ ജോർജും പരസ്പരം എൽഡിഎഫ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു.
ഇതിനിടെ വിഷയത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം സിപിഐയെ ചൊടിപ്പിച്ചു. ഇതോടെ വിഷയം എൽഡിഎഫിലെ ഘടകകക്ഷികൾ തമ്മിലുള്ള തർക്കമായി മാറി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പത്തനംതിട്ടയിൽ സിപിഐഎം -സിപിഐ തർക്കം രൂക്ഷമാണ്. ഈ തർക്കത്തെ പുതിയ വിഷയം രൂക്ഷമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന സമാപന ചടങ്ങ് സിപിഐ ബഹിഷ്കരിച്ചത്. ഡെപ്യൂട്ടി സ്പീക്കർക്ക് പിന്തുണ നൽകി കൊണ്ടായിരുന്നു ബഹിഷ്ക്കരണം. മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിലും ഉണ്ടായത്. എന്നാൽ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു
തൃക്കാക്കര ഉപതിരഞ്ഞെുപ്പിന്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിന് എൽ ഡിഎഫ് സംസ്താന നേതൃത്വത്തിൻ്റെ അടിയന്തിര ഇടപെടൽ ഇപ്പോൾ ഉണ്ടാവാനും സാധ്യതയില്ല.
Story Highlights: ente keralam cpi update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here