Advertisement

ഹൈദരാബാദിൽ കൂട്ട ബലാത്സംഗക്കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് അന്വേഷണ റിപ്പോർട്ട്

May 20, 2022
2 minutes Read
hydearabd encounter investigation report
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈദരാബാദിൽ കൂട്ട ബലാത്സംഗക്കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട്. 10 ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു. തോക്കുകൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായി പ്രതികൾ കൊല്ലപ്പെടുകയായിരുന്നു എന്ന പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്നും സമിതി പറയുന്നു. റിപ്പോർട്ട് സുപ്രിംകോടതി തെലങ്കാന ഹൈക്കോടതിയ്ക്ക് കൈമാറി. (hydearabd encounter investigation report)

കൊല്ലപ്പെട്ട നാലു പേരിൽ മൂന്ന് പേർ പ്രായപൂർത്തി ആവാത്തവരാണ്. 2019 ഡിസംബറിലാണ് സംഭവം നടന്നത്. നവംബർ 28ന് പുലർച്ചെയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി ഒമ്പത് മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് വിവരം അറിയിച്ചിരുന്നു.

Read Also: ഹൈദരാബാദ് ബലാത്സംഗക്കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം; ജുഡീഷ്യൽ അന്വേഷണത്തിന് സാധ്യത

നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 9.45ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. തുടർന്ന് പെട്രോൾ വാങ്ങിവന്ന ശേഷം 2.30 ഓടെ മൃതദേഹം കത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ മടങ്ങി. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. ഇതിനിടെ വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഡിസംബർ ആറിന് ഇവരെ പൊലീസ് വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. അന്ന് തന്നെ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിരുന്നു.

Story Highlights: hydearabd encounter investigation report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement