എന്താണ് കുരങ്ങ് പനി ? ഈ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക

ഫ്രാൻസ്, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽക്കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ ലോകം കനത്ത ജാഗ്രതയിലാണ്. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് കരയറുംമുമ്പാണ് മറ്റൊരു പകർച്ചവ്യാധി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. എന്താണ് കുരങ്ങ് പനി ? എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ ? ( monkey pox symptoms )
എന്താണ് കുരങ്ങ് പനി ?
മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം. ഓർത്തോപോക്‌സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്.
1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പഠനത്തിനായി സൂക്ഷിച്ചിരുന്ന കുരുങ്ങുകളുടെ കോളനിയിലാണ് ആദ്യമായി ഈ അസുഖം കണ്ടെത്തുന്നത്. അങ്ങനെയാണ് മങ്കിപോക്‌സ് എന്ന പേര് വന്നത്. 1970 ൽ കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ കുരുങ്ങ് പനി റിപ്പോർട്ട് ചെയ്യുന്നത്.
രോഗലക്ഷണം
മനുഷ്യനിൽ കുരുങ്ങ് പനിയുടെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. പനിയാണ് തുടക്കം. തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ കുരുക്കൾ പൊങ്ങും.
കുരു പോങ്ങുന്നത് വസൂരിയിലും കാണപ്പെടുന്ന ലക്ഷണമാണ്. വസൂരിയിൽ നിന്ന് കുരങ്ങ് പനിയെ വ്യത്യസ്ഥമാക്കുന്നത് ലസികാഗ്രന്ഥിയുടെ വീക്കമാണ്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 7 മുതൽ 14 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ചിലരിൽ 5 മുതൽ 21 ദിവസത്തിനകമാകും ലക്ഷണങ്ങൾ കാണുക.
രണ്ട് മുതൽ നാല് ആഴ്ച വരെ കുരങ്ങ് പനി നിലനിൽക്കും. ആഫ്രിക്കയിൽ കുരങ്ങ് പനി ബാധിത്ത പത്തിൽ ഒരാൾ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.
അസുഖം പകരുന്ന വഴികൾ
വൈറസ് ബാധിച്ച മൃഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് അസുഖം പടരാം. കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകൾ എന്നിവയിലൂടെ വൈറസ് ബാധയേൽക്കാം.
പ്രതിരോധം
കൊവിഡിന് സമാനമാണ് മങ്കി പോക്‌സിന്റെയും പ്രതിരോധ മാർഗങ്ങൾ. അസുഖ ബാധിതനെ സ്പർശിക്കാതിരിക്കുക, സ്പർശിക്കുകയാണെങ്കിൽ തന്നെ പിപിഇ കിറ്റ് ധരിച്ച് മാത്രം പരിചരിക്കുക. ഐസൊലേഷൻ, വ്യക്തി ശുചിത്വം, എന്നിവയാണ് മറ്റ് മാർഗങ്ങൾ.
ചികിത്സ
നിലവിൽ കുരങ്ങ് പനിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വസൂരി, ആന്റി വൈറൽ, വിഐജി എന്നീ വാക്‌സിനുകളാണ് നൽകുന്നത്.
വിവരങ്ങൾക്ക് കടപ്പാട് : സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ
Story Highlights: monkey pox symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here