ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്നു സ്‌കെച്ച് തയാറാക്കുന്നു; ഇടുക്കിയിലെ പട്ടയവിതരണത്തിൽ ഗുരുതര ക്രമക്കേട്

ഇടുക്കി ജില്ലയിലെ പട്ടയവിതരണത്തിൽ ഗുരുതര ക്രമക്കേടും അഴിമതിയുമെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട്. അനർഹരായവർക്ക് പട്ടയം അനുവദിച്ചതായും പ്രഥമദൃഷ്ട്യാ നിരസിക്കേണ്ട അപേക്ഷകളിൽ പോലും ഭൂമി പതിച്ചു നൽകാൻ നടപടിയെടുത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പട്ടയം അനുവദിച്ചതായും ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്നു സ്‌കെച്ച് തയാറാക്കിയാതും അന്വേഷണത്തിൽ കണ്ടെത്തി. ( irregularity in idukki title deed distribution )
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ പട്ടയ വിതരണത്തിലെ ഗുരുതരമായ ക്രമക്കേടുകൾ സർക്കാർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പട്ടയം അനുവദിക്കുന്നതിനുള്ള ഒരു നടപടിക്രമവും പാലിക്കുന്നില്ലെന്നും പ്രഥമദൃഷ്ട്യാ നിരസിക്കേണ്ട അപേക്ഷകൾ പോലും ഭൂമി പതിവിന് ഉൾപ്പെടുത്തി പട്ടയത്തിന് നടപടിയെടുത്തായും കണ്ടെത്തി. പട്ടയ അപേക്ഷയിലെ കൈവശ തീയതി വരെ തിരുത്തിയും രസീതു നൽകാതെയുമാണ് ക്രമക്കേട്. സർക്കാർ ഉദ്യോഗസ്ഥനുപോലും വരുമാനവും കൈവശമുള്ള ഭൂമിയും പരിശോധിക്കാതെ പട്ടയം നൽകാൻ നടപടിയെടുത്തുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഭൂമിപതിച്ചു നൽകുന്നതിനുള്ള അസൈനബിൾ ലാന്റ് ലിസ്റ്റ് ഇതുവരെ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടില്ല. പട്ടയത്തിനായി അപേക്ഷകൾ ലഭിക്കുമ്പോൾ ഇഷ്ടക്കാരുടെ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി പട്ടിക തയാറാക്കുകയാണ്. ഒരു വ്യക്തിക്ക് തന്നെ ഒന്നിൽക്കൂടുതൽ പട്ടയം അനുവദിക്കുന്നു. സർവേയർമാരാകട്ടെ ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്നു സ്‌കെച്ച് തയാറാക്കി അപേക്ഷ സ്വീകരിക്കുന്നു. പട്ടയം നൽകുന്നതിന് സീനിയോറിറ്റി മാനദണ്ഡമാക്കുന്നില്ല. പട്ടയഫയലുകളുടെ എണ്ണം, അനുവദിച്ച പട്ടയങ്ങളുടെ എണ്ണം, കളക്ട്രേറ്റിലുള്ള എണ്ണം, താലൂക്കിലെ എണ്ണം എന്നിവയിൽ വ്യത്യാസമുണ്ട്. പട്ടയം അനുവദിക്കുന്നതിനുള്ള പി.എ.എം.എസ് സോഫ്റ്റ്വെയറിലൂടെയും അല്ലാതെയും പട്ടയം അനുവദിക്കുന്നു. ഇതുമൂലം ഇഷ്ടക്കാർക്ക് ക്രമവിരുദ്ധമായി പട്ടയം നൽകുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Story Highlights: irregularity in idukki title deed distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here