നടി അർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാർ ആരെന്നതിലാണ് അന്വേഷണം. ( archana kavi police probe )
കഴിഞ്ഞ ദിവസം ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ചന പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
അർച്ചന കവിയുടെ വാക്കുകൾ
ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു. അർച്ചന കവിയുടെ കുറിപ്പ്.
Story Highlights: archana kavi police probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here