Advertisement

നൂലിന് പൊള്ളുന്ന വില; തിരുപ്പൂരിൽ വസ്ത്ര നിർമാതാക്കളുടെ സമരം

May 24, 2022
Google News 1 minute Read

തമിഴ്നാട് തിരുപ്പൂരിൽ വസ്ത്ര നിർമാതാക്കൾ വീണ്ടും സമരം തുടങ്ങി. നൂൽവില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞയാഴ്ച രണ്ടു ദിവസത്തെ സമരം നടത്തിയിരുന്നെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ചത്തെ സമരം ആരംഭിച്ചത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ചരിത്രത്തിലില്ലാത്ത വിലവർധനവാണ് നൂലിനിപ്പോൾ. ഒരു കിലോ നൂലിന്റെ വില, കഴിഞ്ഞ മാസം മാത്രം നാൽപത് രൂപ വർധിച്ച് 470 ആയി ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ, രണ്ടു ദിവസങ്ങളിലായി വ്യാപാരികളും നിർമാതാക്കളും സൂചനാ സമരം നടത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സമരത്തിനു പിന്നാലെ, തമിഴ്നാട്ടിലെ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെയും ടെക്സ്റ്റൈൽ മന്ത്രി പിയൂഷ് ഗോയലിനെയും കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇടപെടൽ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജൂൺ 5 വരെ വസ്ത്ര നിർമാതാക്കൾ പണിമുടക്ക് സമരം ആരംഭിച്ചത്.

പരുത്തിയുടെയും നൂലിന്റെയും കയറ്റുമതി നിർത്തുക, ഇറക്കുമതി തീരുവ അവസാനിപ്പിയ്ക്കുക, പരുത്തിയും നൂലും അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ പ്രധാനമായും ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയ്ക്ക് നേരത്തെ കത്തെഴുതിയിരുന്നു. ഈറോഡ്, കരൂർ മേഖലകളിലും വസ്ത്ര നിർമാതാക്കൾ സമരം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ സമരത്തിലൂടെ മാത്രം ശരാശരി 360 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്.

Story Highlights: textile manufacturers strike Tirupur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here