കോൺഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

കോൺഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺഗ്രസ് പുറത്തുവിട്ടിരുന്നില്ല.
കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺഗ്രസ് കൈക്കൊണ്ടിരുന്നു.
Read Also: കോൺഗ്രസ് കുടുംബ സ്വത്തല്ല, നേതൃത്വം മാറണം; കപിൽ സിബൽ
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കപിൽ സിബൽ ഉൾപ്പടെയുള്ള 23 നേതാക്കൾ രംഗത്തെത്തിയിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പലരും വിമർശനം മയപ്പെടുത്തിയിരുന്നു. എന്നാൽ കപിൽ സിബൽ അപ്പോഴും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് പല തവണ രംഗത്തെത്തിയിരുന്നു. ചിന്തർ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
Story Highlights: Kapil Sibal left the Congress and joined Samajwadi Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here