പഠിച്ചിട്ട് വേണം ഫെയ്സ് ബുക്ക് പോസ്റ്റിടാൻ; കെ സുധാകരനെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാമെന്നും അത് നടക്കട്ടെയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗിയെന്നാണ് മന്ത്രിയുടെ വിമർശനം.
പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ദുരന്തമാണെന്നും ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കൽ കോളജ് ഫ്ലൈഓവർ തകർന്നുവെന്നും കാട്ടി കെ സുധാകരൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികൾ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും എൽ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്. അൽപ്പമെങ്കിലും രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം. – ഇത്തരത്തിലായിരുന്നു സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
Read Also: കോവളത്തിൽ വന്‍പദ്ധതി വരുന്നു, ഉപയോഗിക്കുന്നത് കിഫ്ബി ഫണ്ട്; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണ് എന്ന മറുചോദ്യമാണ് മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്. എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി പി.ഡബ്ലിയു.ഡിയെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല.
അങ്ങയുടെ എഫ്ബി പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ. “പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്”.- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിച്ചു.
Story Highlights: Minister Mohammad Riyaz harshly criticizes K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here