‘പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതിന് പിന്നില്‍ ഗൂഢാലോചന’; റിമാന്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന്

മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ റിമാന്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന്. പി സി ജോര്‍ജ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിയമനടപടിയെടുത്തിട്ടും വീണ്ടും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന ഗുരുതരമായ ആരോപണവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പി സി ജോര്‍ജിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. പി സി ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കും. മത സ്പര്‍ദ്ധയുണ്ടാക്കാന്‍ മാത്രമാണ് വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പി സി ജോര്‍ജിനെ അല്‍പ്പ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഏഴുമണിയോടെ പി.സി.ജോര്‍ജിനെ തിരുവനന്തപുരം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പി.സി.ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.
നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഷോണിനെ ആദ്യഘട്ടത്തില്‍ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.
വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
Story Highlights: p c george remand report details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here