Advertisement

ഇന്ത്യൻ ദേശീയ ടീമിലൊരു സ്ഥാനം സഞ്ജു അർഹിക്കുന്നു; പിന്തുണയുമായി ഷാഫി പറമ്പിൽ

May 28, 2022
2 minutes Read
ipl
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ ദേശീയ ടീമിലൊരു സ്ഥാനം സഞ്ജു സാംസൺ അർഹിക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. 2008 ന് ശേഷം രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യത്തെ ക്യാപ്റ്റനാണ് മലയാളി താരം സഞ്ജുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജു സാംസണിന്റെ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു.

ഐപിഎല്‍ 15-ാം സീസണില്‍ ഫൈനലിലെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പലഭാ​ഗത്തുനിന്നും പ്രശംസ ഒഴുകുകയാണ്. ശരാശരിക്കാരായ ഒരു ടീമിനെ ഫൈനലിലെത്തിച്ചതോടെ ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സഞ്ജു മികവുറ്റവനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ദേശീയ ടീമില്‍ നിരന്തരം തഴയപ്പെടുമ്പോഴാണ് സഞ്ജു കളിക്കളത്തിലെ പ്രകടനം കൊണ്ട് മറുപടി പറയുന്നത്.

രണ്ടാം പ്ലേഓഫ് മത്സരത്തിൽ ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയുടെ കരുത്തിൽ അനായാസ ജയം നേടിയാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ 2022 ന്റെ ഫൈനലിലെത്തിയത്. 2008ലെ കിരീട നേട്ടത്തിന് ശേഷം ഇതാദ്യമാണ് രാജസ്ഥാൻ ഫൈനലിൽ എത്തുന്നതെന്നാണ് പ്രധാന പ്രത്യേകത. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ രാജസ്ഥാൻ ​ഗുജറാത്തിനെ നേരിടും. ആര്‍സിബിക്കെതിരെ 21 പന്തില്‍ 23 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 2 സിക്‌സറും ഒരു ഫോറും താരം സ്വന്തമാക്കി. ടീം ജയിക്കുമെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു സഞ്ജുവിന്റെ മടക്കം.

Read Also: “എല്ലായ്പ്പോഴും ഇതാണ് സഞ്ജുവിന്റെ കുഴപ്പം”; നിരീക്ഷണവുമായി രവി ശാസ്ത്രി

പുറത്താകാതെ 108 റൺസെടുത്ത ബട്‌ലറാണ് രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. 7 വിക്കറ്റും 11 പന്തും ബാക്കി നിർത്തിയാണ് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ബാംഗ്ലൂരിന് വേണ്ടി ജോസ് ഹെയ്‌സൽവുഡ് രണ്ടും വനിദു ഹസരങ്ക ഒരു വിക്കറ്റും നേടി. അവസാന ഓവറുകളിൽ ബൗളർമാർ കളം പിടിച്ചതോടെ രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ മാത്രം. രണ്ടാം ക്വാളിഫയറിലും തകർപ്പൻ പ്രകടനത്തോടെ പഠീദാർ മുന്നിൽ നിന്ന് നയിച്ചെങ്കിലും അവസാന ഓവറുകളിൽ ബാംഗ്ലൂർ കവാത്ത് മറക്കുകയായിരുന്നു. ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയപ്പോൾ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ ഇന്നിങ്‌സ് 158 റൺസിൽ അവസാനിച്ചു.

ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിങിനയച്ച സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആദ്യ ഓവറുകളിൽ രാജസ്ഥാൻ ബൌളർമാരുടെ പ്രകടനം. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ രണ്ടാം ഓവറിൽ പ്രസീദ് കൃഷ്ണ പുറത്താക്കി. ഏഴ് റൺസുമായി സഞ്ജുവിന് ക്യാച്ച് നൽകിയാണ് കോഹ്‌ലി മടങ്ങിയത്. എന്നാൽ ആദ്യ വിക്കറ്റ് വീണതിന്റെ ക്ഷീണമൊന്നും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ബാംഗ്ലൂരിന്റെ കളിയിൽ കണ്ടില്ല. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രജിത് പഠീദാറും ക്യാപ്റ്റൻ ഡുപ്ലസിയും ചേർന്ന് ബാംഗ്ലൂർ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു.

11 ആം ഓവറിൽ ഡുപ്ലസിയെ മടക്കി മക്കോയി രാജസ്ഥാന് ബ്രേക് ത്രൂ നൽകി. പിന്നീടെത്തിയ മാക്‌സ്വെൽ തകർപ്പനടി കാഴ്ചവെച്ചെങ്കിലും ടീം സ്‌കോ ലെത്തിയപ്പോഴേക്കും മാക്‌സ്വെൽ വീണു. 13 പന്തിൽ 24 റൺസെടുത്താണ് മാക്‌സ്വെൽ മടങ്ങിയത്. തൊട്ടുപിന്നാലെ അർധസെഞ്ച്വറി നേടിയ പഠീദാറും വീണു. പന്തിൽ 42 പന്തിൽ 58 റൺസ് നേടിയ ശേഷമായിരുന്നു പഠീദാറുടെ മടക്കം. പിന്നീട് കളി ബാംഗ്ലൂരിന്റെ കൈവിട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ദിനേഷ് കാർത്തിക്കും ഹസരങ്കയും ഹർഷൽ പട്ടേലുമെല്ലാം അതിവേഗം മടങ്ങി. മൂന്ന് വീതം വിക്കറ്റെടുത്ത മക്കോയും പ്രസീദ് കൃഷണയുമാണ് ബാംഗ്ലൂർ ഇന്നിങ്‌സിന് കടിഞ്ഞാണിട്ടത്.

Story Highlights: Sanju deserves a place in Indian cricket team; Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement