Advertisement

‘ആ ഗാനം അപൂർണമാക്കി ബഷീറിക്ക മടങ്ങി’; സുദീപ് കുമാർ

May 29, 2022
Google News 2 minutes Read

ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കലാകാരനാണ് ഇടവ ബഷീര്‍. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷ വേദിയിൽ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഷീറിൻ്റെ അപ്രതീക്ഷിത വിയോഗം ആലാപനലോകത്ത് ഉണ്ടാക്കിയത് നികത്താനാകാത്ത വിടവാണ്. തൻ്റെ പ്രിയപ്പെട്ട ബഷീറിക്കയുമൊത്തുള്ള ഓർമ്മകൾ പങ്കിടുകയാണ് പിന്നണി ഗായകൻ സുദീപ് കുമാർ.

അദ്ദേഹത്തിൻ്റെ വാക്കുകൾ:

“കുഞ്ഞുനാൾ മുതൽ കേട്ടുപരിചയിച്ച ശബ്ദമാണ് ഇടവ ബഷീർ. വീടിനടുത്തുള്ള ക്ഷേത്ര ഗാനമേളകളിലെ സ്ഥിരം സാന്നിധ്യം. അദ്ദേഹത്തെ നേരിൽ കാണണം എന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം കാണാനും പരിചയപ്പെടാനുമുള്ള ഭാഗ്യം ലഭിച്ചു. 2002ൽ അമേരിക്കയിൽ സംഘടിപ്പിച്ച ഒരു സംഗീത പരിപാടിക്കിടെയാണ് അദ്ദേഹവുമായി വേദി പങ്കിടാൻ അവസരം ലഭിക്കുന്നത്. അന്ന് 16 ഗാനങ്ങൾ ഞങ്ങൾ ഒന്നിച്ചു പാടി.

പിന്നീട് അങ്ങോട്ട് അദ്ദേഹവുമായി നല്ല ബന്ധം സൂക്ഷിച്ചു. ഒത്തിരി സ്നേഹം മനസ്സിൽ കാത്തുവച്ചിരുന്ന ഒരു പാട്ടുകാരൻ. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും അദ്ദേഹത്തെയാണ്. ബഷീറിക്കയുടെ സംഗീത സംവിധാനത്തിൽ നിരവധി ഗാനങ്ങൾ ആലപിക്കാൻ എനിക്ക് അവസരം നൽകി. എൻ്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണ് ഇന്ന്. എൻ്റെ ബഷീറിക്കാ ആ സ്റ്റേജിൽ വീഴുന്നത് തൊട്ടരികെ നിന്ന് എനിക്ക് കാണേണ്ടിവന്നു.

ബ്ലൂ ഡയമണ്ട്സിൻ്റെ തുടക്കകാലം മുതൽ ഗ്രൂപ്പിൽ പാടിയിരുന്ന വ്യക്തിയാണ് ബഷീറിക്കാ. എൻറെ കരിയർ ആരംഭിക്കുന്നതും ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയിലൂടെയാണ്. ഇന്നും ആ വേദിയിൽ അദ്ദേഹത്തിനൊപ്പം ഒന്നിച്ച് ആലപിക്കാനുള്ള അവസരം ലഭിച്ചു. എൻ്റെ പാട്ടുകൾക്ക് ശേഷമാണ് ബഷീർക്കാ വേദിയിലേക്ക് വരുന്നത്. ദാസേട്ടൻ പാടിയ ഗാനം ബഷീർക്കയുടെ ശബ്ദത്തിലൂടെ കേട്ടാസ്വദിച്ച് ഞാൻ സൈഡ് സ്റ്റേജിൽ ഉണ്ടായിരുന്നു. പക്ഷേ ആ ഗാനം പൂർത്തിയാക്കും മുമ്പ് അദ്ദേഹം മടങ്ങി…

ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഒരു ഗായകനെ സംബന്ധിച്ച് ഇതിലും നല്ലൊരു മരണം ലഭിക്കില്ല… പക്ഷേ അദ്ദേഹത്തിൻറെ ആ വീഴ്ച കണ്ടു നിൽക്കുക എന്നത് അതികഠിനമായ വേദന ഉളവാക്കുന്നതാണ്. അതിമനോഹര ശബ്ദത്തിന് ഉടമ, എത്രയോ വേദികളിൽ നമ്മെ പാടി വിസ്മയിപ്പിച്ച ഗായകൻ… അദ്ദേഹത്തിൻറെ ശബ്ദവും ഗാനങ്ങളും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാകും.”

Story Highlights: playback singer sudeep kumar shares memories on edava basheer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here