‘ഭർത്താവിൻ്റെ ഭക്ഷണം കഴിക്കണമെങ്കിൽ അടി കൊള്ളേണ്ടിവരുമെന്ന് ഭർതൃപിതാവ് പറഞ്ഞു’; റിസ്വാനയുടെ ഉമ്മ

കോഴിക്കോട് വടകരയിൽ റിസ്വാന എന്ന യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികരണവുമായി മാതാവ്. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് റിസ്വാനയുടെ മാതാവ് ഹയറുന്നീസ ട്വന്റിഫോറിനോട് പറഞ്ഞു. ( rizwana mother about daughter death )
റിസ്വാനയെ ഷംനാസിന് സംശയമായിരുന്നു. മകൾ മാനസിക-ശാരീരിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. ഭർത്താവിൻ്റെ ഭക്ഷണം കഴിക്കണമെങ്കിൽ അടി കൊള്ളേണ്ടിവരുമെന്ന് ഷംനാസിൻ്റെ പിതാവ് പറഞ്ഞിരുന്നതായി ഹയറുന്നീസ ട്വന്റിഫോറിനോട് പറഞ്ഞു. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Read Also: റിസ്വാനയുടെ മരണം : ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം വകുപ്പുകൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഷംനാസിൻ്റെ മാതാവും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. റിസ്വാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബമാണ് വടകര റൂറൽ എസ് പിക്ക് പരാതി നൽകിയത്. ലോക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഭർത്താവിൻ്റെ വീട്ടിൽ ശാരീരികവും മാനസികവുമായി പീഡനമേൽക്കുന്നതായി റിസ്വാന കൂട്ടുകാരോടും പറഞ്ഞിരുന്നു. ഇതും കേസിൽ വഴിത്തിരിവായി. ഈ മാസം ഒന്നാം തീയതിയാണ് ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുൻപാണ് ഷംനാസും റിസ്വാനയും വിവാഹിതരായത്.
Story Highlights: rizwana mother about daughter death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here