അറപ്പുളവാക്കും വിധം സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി

മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.
‘നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും സന്ധ്യ പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയാറായില്ല.
ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ സന്ധ്യ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് സന്ധ്യയേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ സന്ധ്യയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും സന്ധ്യ പ്രതികരിച്ചില്ല. തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടു. പിന്നീട് ബസിലേക്ക് കയറിയയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്ന് സന്ധ്യ പറഞ്ഞു.
ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നു. ആദ്യം അടികൊടുത്ത് തിരിച്ചു കയറാന്‍ നേരം വീണ്ടും അയാള്‍ മോശം കാര്യങ്ങള്‍ താഴെ കിടന്ന് പറഞ്ഞപ്പോള്‍ വീണ്ടുമെത്തി മര്‍ദിച്ചു. അതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതെന്നും സന്ധ്യ വ്യക്തമാക്കി.
ഏതു രീതിയിലാണോ പ്രതികരിക്കേണ്ടത് ആ രീതിയില്‍ തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതിനാല്‍ കേസും മറ്റ് നടപടികളും വേണ്ട എന്ന നിലപാടിലാണ് സന്ധ്യ. ഇതേരീതിയില്‍ പെരുമാറുന്ന ആളുകളോട് പരസ്യമായി തന്നെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണെന്നും സന്ധ്യ പറയുന്നു.
Story Highlights: the young woman directly confronted the man who had harassed her on the bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here