Advertisement

അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതില്‍ പ്രതിഷേധം; ഉയര്‍ന്ന തസ്തിക നല്‍കണമെന്ന് അമ്പൂരി പഞ്ചായത്ത്

June 2, 2022
Google News 3 minutes Read

തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ മാറ്റിയതില്‍ പ്രതിഷേധം. ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കുന്നത്തുമല സ്‌കൂള്‍ അടച്ചുപൂട്ടിയതും അധ്യാപികയെ പിരിച്ചുവിട്ടതും ശരിയായ നടപടിയല്ലെന്നാണ് അമ്പൂരി പഞ്ചായത്തംഗങ്ങളും നാട്ടുകാരും പറയുന്നത്. ( protest over usha kumari teacher new appointment as a sweeper)

ഉഷാ കുമാരിയുടെ സേവനം കണക്കിലെടുത്ത് അവരെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി ആവശ്യപ്പെട്ടു. സ്‌കൂള്‍ അടച്ചുപൂട്ടിയതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. കുന്നത്തുമല സ്‌കൂള്‍ തുറന്ന് ആദിവാസി കുട്ടികള്‍ക്ക് വീടിനടുത്ത് പഠന സൗകര്യമൊരുക്കണമെന്നും പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെടുന്നു.

കുന്നത്തുമല ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. ഉഷാ കുമാരിയെ മറ്റൊരു തസ്തികയിലേക്ക് നിയമിക്കുന്നതില്‍ യോഗ്യതയാണ് തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പേരൂര്‍ക്കടയിലെ പിഎസ്എന്‍എം സ്‌കൂളിലാണ് ഉഷ കുമാരിയെ പ്യൂണായി നിയമിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.

മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത് പുഴയും കാടും താണ്ടിയാണ് രണ്ട് പതിറ്റാണ്ടോളം ഉഷാ കുമാരി കുന്നത്തുമല സ്‌കൂളിലെത്തി ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിരുന്നത്. ത്യാഗപൂര്‍ണമായ ഈ സേവനത്തിന്റെ പേരില്‍ ദേശീയ തലത്തില്‍ തന്നെ ഉഷാ കുമാരി ടീച്ചര്‍ ശ്രദ്ധ നേടിയിരുന്നു.

Story Highlights: protest over usha kumari teacher new appointment as a sweeper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here