Advertisement

ത‍‍ൃക്കാക്കരയിൽ അടവുകൾ പിഴച്ചു; എല്‍ഡിഎഫിന്റെ സെഞ്ചുറി മോഹം തകർന്നു

June 3, 2022
Google News 1 minute Read

എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തൃക്കാക്കരയില്‍ നിന്ന് പുറത്തുവന്നത്. അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയ സിപിഐഎമ്മിന് വലിയ തിരിച്ചയടിയാണ് നേരിടേണ്ടി വന്നത്. തൃക്കാക്കര പിടിച്ച് നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും യുഡിഎഫ് കോട്ടയായ മണ്ഡലത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. എല്‍ഡിഎഫിന്റെ ഓപ്പറേഷൻ വോട്ടര്‍മാരില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് ഫലം വ്യക്തമാക്കുന്നു.

നിശ്ചയിച്ച സ്ഥാർത്ഥിയെ മാറ്റിയതൊഴിച്ചാൽ എൽഡിഎഫ് എടുത്തുപറയത്തക്ക പിഴവുകളൊന്നും വരുത്തിയില്ല. കെ-റെയിൽ കുറ്റിയടി നിർത്തിവച്ചു. കൃത്യമായി പ്രചാരണം നടത്തി. മുഖ്യമന്ത്രിയടക്കം നേതാക്കളൊക്കെ വന്ന് തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു. എംഎൽഎമാർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ. എല്ലാവരും തൃക്കാക്കരയിലുണ്ടായിരുന്നു. വീട് വീടാന്തരം മന്ത്രിമാർ തന്നെ പ്രചാരണം നടത്തി. മുട്ടുകേട്ട് തൃക്കാക്കരയിലെ ജനം വാതിൽ തുറക്കുമ്പോഴൊക്കെ അവർ കണ്ടത് ജനപ്രതിനിധികളെയായിരുന്നു. ഇതിനിടെ അദ്ദേഹത്തിനെതിരെ പുറത്തുവന്ന വ്യാജ വിഡിയോ യുഡിഎഫിനെ ഒന്നുലച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർ ഇത് എടുത്തുപറഞ്ഞ് പ്രചാരണം നടത്തി. പക്ഷേ, അത് മതിയാവുമായിരുന്നില്ല.

70 എംഎല്‍എമാരെയാണ് മണ്ഡലത്തിലെ പ്രചാരണത്തിന് ഇടത് മുന്നണി രംഗത്തിറക്കിയത്. ഓരോ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലായി എംഎല്‍എമാരെ വിന്യസിച്ചു. ബൂത്ത് തലത്തില്‍ എംഎല്‍എമാരെ പ്രചാരണത്തിന് രംഗത്തിറക്കി. ബൂത്തുകള്‍ വീതിച്ച് നല്‍കിയ ശേഷം എംഎല്‍എമാര്‍ തങ്ങള്‍ക്ക് ചുമതലയുള്ള ബൂത്തുകളില്‍ ഒറ്റയ്ക്കും പിന്നീട് മൂന്ന് എംഎല്‍എമാര്‍ വരെ ഉള്‍പ്പെടുന്ന സംഘമായി മൂന്നൂപേരുടേയും ബൂത്തുകള്‍ ഒരുമിച്ച് സന്ദര്‍ശിച്ചും വോട്ടര്‍മാരെ നേരില്‍ കണ്ടെങ്കിലും യുഡിഎഫ് കോട്ടയില്‍ ഒരു വെല്ലുവിളിയും ഉയർത്താനായില്ലെന്ന് ഫലം വ്യക്തമാക്കുന്നു.

മുന്നണി, സർക്കാര്‍ സംവിധാനങ്ങളെല്ലാം തെരഞ്ഞെടുപ്പിനായി അണിനിരന്നിട്ടും പരാജയപ്പെട്ടത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയാത്ത ജില്ലയെന്ന പാർട്ടി വിലയിരുത്തലിൽനിന്ന് രക്ഷപെടാൻ സി പി ഐ എം ജില്ലാ നേതൃത്വത്തിന് ഇത്തവണയും കഴിഞ്ഞില്ല. വികസനവും കെ–റെയിലുമെന്ന മുദ്രാവാക്യത്തിലൂന്നി പ്രചാരണം നടത്തിയ മുന്നണിക്ക്, കെ റെയിൽ വിഷയത്തിൽ പുനർവിചിന്തനം നടത്തേണ്ട സാഹചര്യം ഉണ്ടാകും. സമരങ്ങൾക്കു ശക്തികൂടുമെന്നതിനാൽ സർക്കാരിനു കെ–റെയിലിൽ കരുതലോടെ നീങ്ങേണ്ടിവരും. കല്ലിടൽ സ്ഥലങ്ങൾ കുറച്ച്, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സർവേ നടത്താനാണ് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ കൂടുതൽ ജനകീയ ഇടപെടലുകൾ വിഷയത്തിൽ വേണ്ടിവരുമെന്നാണ് ജനവിധി തെളിയിക്കുന്നത്.

Read Also: ജനവിധി അംഗീകരിക്കുന്നു, തോൽവിയെ കുറിച്ച് പരിശോധിക്കും, പഠിക്കും: മന്ത്രി പി രാജീവ്

ബൂത്ത് അടിസ്ഥാനത്തില്‍ നിരവധി കുടുംബയോഗങ്ങളിലാണ് തുടര്‍ച്ചയായി രണ്ടാഴ്ചത്തോളം ഓരോ എംഎല്‍എമാരും പങ്കെടുത്തത്. കടുത്ത യുഡിഎഫ് അനുഭാവികളുടെ വീടുകളില്‍ പോലും എംഎല്‍എമാര്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കാന്‍ ശ്രമം നടത്തി. ഇത്തരം സന്ദര്‍ശനങ്ങളിലൂടെ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരു പങ്ക് സ്വന്തമാക്കുകയെന്നതായിരുന്നു എല്‍ഡിഎഫിന്‍റെ ലക്ഷ്യം. ഈ കാടിളക്കിയുള്ള പ്രചാരണവും കെ.വി തോമസ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വരവും ഇടത്പക്ഷത്തെ തുണച്ചില്ല.

ഇതിനിടെ എല്‍ഡിഎഫിന്റെ പ്രചാരണം യുഡിഎഫ് ക്യാമ്പില്‍ പോലും ആശങ്ക സൃഷ്ടിച്ചിരുന്നു. തങ്ങളുടെ കോട്ടയില്‍ വിജയിക്കുമെങ്കിലും ഭൂരിപക്ഷം പി.ടിയെക്കാള്‍ കുറവായിരിക്കുമെന്നാണ് പല നേതാക്കളും അനൗദ്യോഗികമായി പ്രതികരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ പി.ടി തോമസിന്റെ ഭൂരിപക്ഷത്തെ പോലും മറികടന്ന് ചരിത്രവിജയം നേടാന്‍ ഉമാ തോമസിന് സാധിച്ചു.

Story Highlights: Thrikkakara bypoll result LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here