Advertisement

കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ തോമസ്

June 3, 2022
Google News 1 minute Read

പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയാകാന്‍ ഉമാ തോമസ്. തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷവുമായാണ് മുന്‍ എംഎല്‍എ പി.ടി.തോമസിന്റെ പ്രിയപത്‌നി നിയമനിര്‍മാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയും യുഡിഎഫ് രണ്ടാമത്തെ വനിതാ എംഎല്‍എയുമാണ് ഉമാ തോമസ്. വടകരയില്‍ മത്സരിച്ചു വിജയിച്ച കെ.കെ.രമയാണ് നിലവില്‍ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎല്‍എ.

2016ല്‍ എട്ട് വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇത് 2021ലെ തെരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. 2016ല്‍ യുഡിഎഫിന് ഒരു വനിതാ അംഗം പോലുമില്ലായിരുന്നു. 2019ല്‍ അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ സഭയിലെത്തി. എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ ഒരു വനിതാ പ്രതിനിധിയെ പോലും കോണ്‍ഗ്രസിന് സഭയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫ് ഘടക കക്ഷയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചു വിജയിച്ച കെ.കെ.രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.

ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് 2021ലെ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്ന് വിജയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, യു പ്രതിഭ, ദലീമ ജോജോ, ഒ.എസ്.അംബിക, കെ.ശാന്തകുമാരി, കൊയിലാണ്ടിയില്‍ മത്സരിച്ച നിയമസഭയിലെ ഏക മുസ്ലിം വനിത പ്രാതിനിധ്യമായ കാനത്തില്‍ ജമീല എന്നിവരാണ് സിപിഐഎം വനിത എംഎല്‍എമാര്‍.

സിപിഐക്ക് രണ്ട് വനിതാ എംഎല്‍എമാരുണ്ട്. വൈക്കത്ത് സി.കെ.ആശയും ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയും. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് വനിതകളാണ് വിജയിച്ചത്. എട്ട് പേരും എല്‍ഡിഎഫില്‍ നിന്നായിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തിയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉമ തോമസിന്റെ ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്‍, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. സജികുമാര്‍ എന്നിവരായിരുന്നു അന്ന് മത്സരരംഗത്ത്. 73.71 ശതമാനം േപരാണ് അന്ന് വോട്ടു ചെയ്തത്. ആകെ പോള്‍ ചെയ്ത 1,59,877 വോട്ടുകളില്‍ 68,854 (55.88 ശതമാനം) നേടി ബെന്നി ബെഹനാന്‍ വിജയിച്ചു. എം.ഇ. ഹസൈനാറിന് 43,448 (36 ശതമാനം) വോട്ടും എന്‍ സജി കുമാറിന് 5935 വോട്ടും (5.04 ശതമാനം) ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലാണ് ബഹനാന്‍ 22,406 വോട്ടുകള്‍ക്ക് വിജയിക്കുന്നത്.

2016 ല്‍ ഈ സീറ്റില്‍ ബഹനാന് പകരം മത്സരിച്ചത് പി.ടി.തോമസായിരുന്നു. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 61,268 എണ്ണം (45.42 ശതമാനം) നേടി പി.ടി.തോമസ് സീറ്റ് നിലനിര്‍ത്തി. മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു അന്ന് ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാല്‍ 49,455 വോട്ടു (36.55 ശതമാനം) മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതേസമയം, ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. എന്‍ഡിഎയുടെ എസ് സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുന്‍ തിരഞ്ഞെടുപ്പിനേതിനേക്കാള്‍ 10.66 ശതമാനം വോട്ടുകള്‍ കൂടുകയും ചെയ്തു. 11,966 വോട്ടുകള്‍ക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ വിജയം.

2016ലെ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രമുഖ മുന്നണികളുടെയും എതിരാളികള്‍ക്കു പുറമെ ട്വന്റി20 സ്ഥാനാര്‍ഥിയേയും നേരിടേണ്ടി വന്നിരുന്നു പി.ടി. തോമസിന്. കിറ്റക്‌സ് കമ്പനിയിലെ രാസമാലിന്യങ്ങള്‍ തന്റെ തൃക്കാക്കര മണ്ഡലത്തിന്റെ ഓരംപറ്റിയൊഴുകുന്ന കടമ്പ്രയാറിനെ മലിനീകരിക്കുന്നു എന്നാരോപിച്ചാണ് പി.ടി രംഗത്തെത്തിയത്. സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാണ് ട്വന്റി20 പ്രതികരിച്ചത്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും പി.ടി തോമസിന്റെ ഭൂരിപക്ഷം പക്ഷേ കൂടി. പോള്‍ ചെയ്ത 1,36,570 (70.36 ശതമാനം) വോട്ടുകളില്‍ പി.ടി തോമസ് 59,839 എണ്ണം (43.82 ശതമാനം) നേടി. ഇടതു സ്വതന്ത്രന്‍ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളുമായി (33.32 ശതമാനം) രണ്ടാമതും എന്‍ഡിഎയുടെ എസ് സജി 15,483 വോട്ടുകളുമായി (11.34 ശതമാനം) മൂന്നാമതും എത്തി. ട്വന്റി20 സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 (10.18 ശതമാനം) വോട്ടുകള്‍ നേടിയതായിരുന്നു ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. 14,329 ആയിരുന്നുൂ പി.ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ വിജയം.

Story Highlights: Uma Thomas becomes the only woman Congress MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here