Advertisement

ഇഎംഎസിനെ വിമർശിച്ചും പി ഗോവിന്ദപ്പിള്ളയെ പ്രശംസിച്ചും വി ടി ബെൽറാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

June 4, 2022
2 minutes Read
vt
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1989 ജൂൺ 4ന് ചൈനയിൽ നടന്ന ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയിൽ കൈക്കൊണ്ട നിലപാടുകളുടെ പേരിൽ ഇഎംഎസിനെ വിമർശിച്ചും പി ഗോവിന്ദപ്പിള്ളയെ പ്രശംസിച്ചും വിടി ബെൽറാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഭീകരതകളിലൊന്നായ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികമാണിന്ന് എന്ന് പരാമർശിച്ചുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

” സംഭവ സമയത്ത് ബീജിംഗിൽ സന്ദർശകനായിരുന്ന പ്രശസ്ത എഴുത്തുകാരൻ യു ആർ അനന്തമൂർത്തിയേപ്പോലെ ഇടതുപക്ഷ അനുഭാവമുള്ളവർ പോലും ഈ കൂട്ടക്കൊലയെ ശക്തമായ ഭാഷയിൽ അപലപിച്ചു. എന്നാൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള ഇന്ത്യയിലേയും കേരളത്തിലേയും പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അതിക്രൂരമായ നരഹത്യയെ അന്തംവിട്ട് ന്യായീകരിക്കാൻ മുമ്പിലുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇന്നത്തെ സൈബർ ഗുണ്ടകൾക്കും കടന്നലുകൾക്കുമൊക്കെ മാതൃകയാക്കാവുന്ന ക്യാപ്സ്യൂളുകളായിരുന്നു പാർട്ടിയുടെ അന്നത്തെ താത്വികാചാര്യന്മാരും പടച്ചുവിട്ടിരുന്നത്. ചൈനയുടെ മനുഷ്യത്വഹീനമായ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കാൻ പാർട്ടിക്കുള്ളിൽ പി ഗോവിന്ദപ്പിള്ളയേപ്പോലെ അപൂർവ്വം ചിലർ തയ്യാറായി. എന്നാൽ അതിന്റെ പേരിൽ ഗോവിന്ദപ്പിള്ളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കേരളത്തിലെ സിപിഎം തയ്യാറായത്. അത്രത്തോളമുണ്ട് അവരുടെ ചൈന ഭക്തിയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും!”. – വിടി ബെൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കൊച്ചി വിമാനത്താവളം ഓർമിപ്പിച്ച് വി.ടി. ബെൽറാം

” കമ്മ്യൂണിസ്‌റ്റ് സമഗ്രാധിപത്യം നിലനിൽക്കുന്ന ചൈനയിൽ ഭരണകൂടത്തിലെ അഴിമതിക്കെതിരേയും ജനങ്ങൾക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളുമനുവദിക്കണമെന്നാവശ്യപ്പെട്ടും വിദ്യാർത്ഥികളാണ് പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചത്. ഒന്നര മാസത്തോളം രാജ്യവ്യാപകമായി നടന്ന സമരത്തിനൊടുവിലാണ് ബീജിംഗിലെ ടിയാനൻമെൻ സ്ക്വയർ പരിസരത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകർ ഒരുമിച്ച് ചേർന്നത്. “ഞങ്ങൾക്ക് ജനാധിപത്യം തരൂ, അല്ലെങ്കിൽ മരണം” എന്നും മറ്റുമെഴുതിയ പ്ലക്കാർഡുകളാണ് സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നത്. ഇതിനുനേരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരം 1989 ജൂൺ 4 ന് അതിക്രൂരമായ പട്ടാള നടപടിയുണ്ടായത്.

രണ്ട് ലക്ഷത്തോളം വരുന്ന പട്ടാളത്തെയാണ് വിദ്യാർത്ഥികളെ അടിച്ചമർത്താനായി കമ്മ്യൂണിസ്റ്റ് സർക്കാർ വിന്യസിച്ചത്. തുടർന്ന് സൈന്യം നടത്തിയ നരനായാട്ടിൽ ആയിരക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകരെ കൊന്നുതള്ളി. ചൈനീസ് സർക്കാർ അവരുടെ ഔദ്യോഗിക കണക്കുകളിൽ വെറും 300ഓളം മരണങ്ങളേ അംഗീകരിക്കാൻ തയ്യാറായിട്ടുള്ളൂ. എന്നാൽ 2700 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ചൈനീസ് റെഡ് ക്രോസിന്റെ കണക്ക്. അക്കാലത്ത് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സർ അലൻ ഡൊണാൾഡടക്കമുള്ളവർ നടത്തിയ പഠനത്തിൽ 10,454 പേർ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. തുടർന്നു നടന്ന വേട്ടയാടലുകളും ചേർത്താൽ വേറെയും പതിനായിരക്കണക്കിനാളുകൾ ഇരകളാണെന്ന് കാണാം” . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബെൽറാം വ്യക്തമാക്കി.

Story Highlights: VT Bellar’s Facebook post criticizing EMS and praising P Govindapillai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement